വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി ബ്രസീലിനെ വിജയത്തിലെത്തിച്ച് നെയ്മർ, അവിസ്മരണീയ പ്രകടനവുമായി റഫീന്യ


ബ്രസീൽ ടീമിനെയും നെയ്മറെയും ചുറ്റിപ്പറ്റിയുള്ള ആരാധകരുടെ ആശങ്കകൾ പരിഹരിക്കുന്നതായിരുന്നു യുറുഗ്വായ്ക്കെതിരെ ഇന്നു പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ടീം നടത്തിയ പ്രകടനം. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ വിജയിച്ച മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ പിഎസ്ജി താരമാണ് ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്കു വഹിച്ചത്. ഇതോടെ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ അപരാജിതരാണെന്ന നേട്ടം നിലനിർത്താനും കാനറികൾക്കായി.
ഫുട്ബോളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും 2022 ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരിക്കാൻ സാധ്യതയുണ്ടെന്നും ദിവസങ്ങൾക്കു മുൻപ് വെളിപ്പെടുത്തിയ നെയ്മർ കൊളംബിയക്കെതിരെ മോശം പ്രകടനം നടത്തുക കൂടി ചെയ്തതോടെ താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ പ്രതിഭക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു തെളിയിക്കുന്ന നെയ്മറുടെ പ്രകടനം പിഎസ്ജി ആരാധകർക്കും ആശ്വാസം നൽകുന്നതാണ്.
? @neymarjr responds to critics with a bang! ? @CBF_Futebol?? is flying easily on #WorldCupQualifiershttps://t.co/8yAd5ESobn
— beIN SPORTS USA (@beINSPORTSUSA) October 15, 2021
മത്സരത്തിൽ ബ്രസീലിന്റെ ആദ്യ ഇലവനിൽ ആദ്യമായി ഇറങ്ങിയ ലീഡ്സ് യുണൈറ്റഡ് താരം റാഫിന്യയുടെ പ്രകടനമാണ് ശ്രദ്ധയാകർഷിച്ച മറ്റൊന്ന്. നെയ്മർ ടീമിന്റെ ആദ്യത്തെ ഗോൾ നേടിയപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ റാഫിന്യയുടെ വകയായിരുന്നു. ഗബ്രിയേൽ ബാർബോസയാണ് ടീമിന്റെ നാലാം ഗോൾ നേടിയത്. യുറുഗ്വായ് നേടിയ ആശ്വാസഗോൾ ലൂയിസ് സുവാരസിന്റെ വകയായിരുന്നു.
മത്സരത്തിൽ ബ്രസീലിനായി ആദ്യ ഇലവനിൽ ഇറങ്ങാനും ഗോളുകൾ നേടാനും കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച റാഫിന്യ താൻ ചെറുപ്പം മുതൽ കാണുന്ന സ്വപ്നമാണ് യാഥാർത്ഥ്യമായതെന്ന് മത്സരത്തിനു ശേഷം പറഞ്ഞു. ഈ ദിവസം ഒരിക്കലും തനിക്ക് മറക്കാൻ കഴിയില്ലെന്നു പറഞ്ഞ ലീഡ്സ് താരം ഇനിയും ബ്രസീൽ ജേഴ്സിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
അതേസമയം മത്സരത്തിലെ തോൽവി യുറുഗ്വായെ സംബന്ധിച്ച് വലിയ നിരാശയാണ്. കഴിഞ്ഞ മത്സരത്തിൽ അർജന്റീനയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റതിനു പിന്നാലെയാണ് അവർ ബ്രസീലിനോട് ഒന്നിനെതിരെ നാലു ഗോളുകൾക്ക് കീഴടങ്ങിയത്. കഴിഞ്ഞ മൂന്നു ലോകകപ്പ് യോഗ്യത മത്സരങ്ങളിലും വിജയിക്കാൻ ടീമിനു കഴിഞ്ഞിട്ടില്ല.