ജൂലൈ ഒന്നിന് നെയ്മറുടെ പിഎസ്ജിയുമായുള്ള കരാർ 2027 വരെ സ്വമേധയാ നീട്ടപ്പെടും


സൂപ്പർതാരം നെയ്മർ ജൂനിയറെ വിൽക്കാൻ പിഎസ്ജി ഒരുക്കമാണെന്ന റിപ്പോർട്ടുകൾക്കിടെ ഫ്രഞ്ച് ക്ലബുമായുള്ള താരത്തിന്റെ കരാർ 2027 വരെ സ്വമേധയാ നീട്ടപ്പെടുമെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ലെ എകിപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
2021ലാണ് നെയ്മർ 2025 വരെ നാലു വർഷത്തേക്ക് പിഎസ്ജിയുമായുള്ള കരാർ പുതുക്കിയത്. പ്രസ്തുത കരാറിൽ 2025നുശേഷം 2 വർഷത്തേക്കുകൂടി സ്വമേധയാ കരാർ നീട്ടുന്നതിനുള്ള ക്ലോസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 2022 ജൂലൈ ഒന്നിന് നിലവിൽ വരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സ്ഥിതിഗതികൾ ഇത്തരത്തിലാണെങ്കിലും പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖലൈഫി ലെ പാരിസിയൻ, മാർക്ക, ഗസറ്റ ഡെല്ലോ സ്പോർട് എന്നിവർക്ക് നൽകിയ ഇന്നലത്തെ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനകൾ നെയ്മറെ നിലനിർത്തുന്നതിന്റെ കാര്യത്തിൽ അവ്യക്തതയുണ്ടാക്കുന്നുണ്ട്.
Au 1er juillet, Neymar sera lié au PSG jusqu'en 2027
— L'ÉQUIPE (@lequipe) June 22, 2022
Le contrat du Brésilien Neymar s'allongera, selon nos informations, d'un an le 1er juillet, soit jusqu'au 30 juin 2027. Il ne compte pas quitter le PSG.https://t.co/ZhKrHcawLf pic.twitter.com/PtJuKEBE9L
മാർക്കയുമായുള്ള അഭിമുഖത്തിൽ പിഎസ്ജിയിലെ പുതിയ പ്രോജക്ടിന്റെ ഭാഗമാണോ നെയ്മർ എന്ന് ചോദിച്ചപ്പോൾ അവ്യക്തമായ മറുപടിയാണ് അൽ-ഖലൈഫി നൽകിയത്.
"ചിലർ വരും ,എന്നാൽ ചിലർ ക്ലബ് വിടുകയും ചെയ്യും. പക്ഷെ ഇതെല്ലാം സ്വകാര്യമായ ചർച്ചകൾ മാത്രമാണ്."
- നാസർ അൽ-ഖലൈഫി
എന്നാൽ പ്രസിഡന്റിന്റെ ഈ പ്രസ്താവനകൾ നെയ്മറിന്റെ ഒപ്പമുള്ളവരെ ചൊടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ പ്രസ്താവന കടുത്തു പോയെന്നും താരം പിഎസ്ജി പ്രോജെക്ടിനോട് പ്രതിബദ്ധത പുലർത്തുന്നുന്നുവെന്നും ക്ലബ് വിടാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. നെയ്മറെ പിഎസ്ജി വില്പനക്ക് വെച്ചാലും താരത്തിന്റെ ഉയർന്ന ശമ്പളം മൂലം ക്ലബ്ബുകൾ ആരും ഓഫറുകളുമായി മുന്നോട്ടു വരുന്നില്ല. ഇംഗ്ലീഷ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് താരത്തിനായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ന്യൂകാസിലിലേക്ക് ചേക്കേറാൻ നെയ്മർക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.