Neymar Jr

പിഎസ്‌ജി വിടാൻ നെയ്‌മർ തയ്യാറല്ല, ബ്രസീലിയൻ താരത്തിന്റെ ലക്‌ഷ്യം ഖത്തർ ലോകകപ്പ്

Sreejith N
Neymar Focuses On World Cup And Not Ready To Leave PSG
Neymar Focuses On World Cup And Not Ready To Leave PSG / Eurasia Sport Images/GettyImages
facebooktwitterreddit

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടാൻ നെയ്‌മർക്ക് യാതൊരു താൽപര്യവുമില്ലെന്ന് റിപ്പോർട്ടുകൾ. 2022 നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യമാണ് നെയ്‌മർക്കുള്ളതെന്നും അതുകൊണ്ടു തന്നെ ട്രാൻസ്‌ഫർ അടക്കമുള്ള മറ്റൊന്നിനെക്കുറിച്ചും താരം ചിന്തിക്കുന്നില്ലെന്നും ഗോൾ റിപ്പോർട്ടു ചെയ്‌തു.

ഇനിയും മൂന്നു വർഷം കൂടി പിഎസ്‌ജിയുമായി കരാറുള്ള താരമാണ് നെയ്‌മർ. 2027 വരെ തന്റെ കരാർ പുതുക്കാനുള്ള ഉടമ്പടി നെയ്‌മർ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ഈ സമ്മറിൽ താരത്തെ വിൽക്കുകയെന്ന ലക്‌ഷ്യം പിഎസ്‌ജിക്കുണ്ട്. എന്നാൽ ക്ലബ് വിടുകയെന്നത് നെയ്‌മർ ഇതുവരെയും ആലോചിച്ചിട്ടു പോലുമില്ലാത്ത കാര്യമാണ്.

ഖത്തർ ലോകകപ്പിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കാൻ പിഎസ്‌ജിയിൽ തന്നെ തുടരുന്നതാണ് നല്ലതെന്നാണ് നെയ്‌മർ വിശ്വസിക്കുന്നത്. അതിനിടയിൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറി അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നാൽ അത് ലോകകപ്പിനിറങ്ങുമ്പോഴേക്കും തന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ്‌ നെയ്‌മർ കരുതുന്നത്.

നെയ്‌മറെ വിൽക്കാൻ പിഎസ്‌ജി നേതൃത്വത്തിന് താൽപര്യം ഉണ്ടെങ്കിലും പുതിയ പരിശീലകനായ ഗാൾട്ടിയറിനു താരം തുടരണമെന്ന താൽപര്യമാണുള്ളത്. നെയ്‌മറെപ്പോലൊരു മികച്ച താരത്തെ ഒരു പരിശീലകനും വേണ്ടെന്നു പറയില്ലെന്നും ടീമിൽ സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് പ്രധാനമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പിഎസ്‌ജി ഫ്രഞ്ച് ലീഗ് കിരീടം നേടിയ കഴിഞ്ഞ സീസണിൽ നെയ്‌മർ 13 ഗോളുകളാണ് നേടിയത്. എന്നാൽ പരിക്കുകൾ തിരിച്ചടി നൽകിയപ്പോൾ 22 ലീഗ് മത്സരത്തിൽ മാത്രമേ താരത്തിനു കളിക്കാനിറങ്ങാൻ കഴിഞ്ഞുള്ളൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit