Top Stories

ബ്രസീലിനെ കളിയാക്കി അർജന്റീനയുടെ വിജയാഘോഷം, അവർ ലോകകപ്പാണോ നേടിയതെന്ന് നെയ്‌മർ

Sreejith N
Neymar Mocks Argentina Celebrations After Finalissima Win
Neymar Mocks Argentina Celebrations After Finalissima Win / Chung Sung-Jun/GettyImages
facebooktwitterreddit

വെംബ്ലിയിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി 2022 ഫിനാലിസിമ കിരീടം സ്വന്തമാക്കിയതിനു ശേഷമുള്ള വിജയാഘോഷത്തിൽ ബ്രസീലിനെ കളിയാക്കിയ അർജന്റീന താരങ്ങൾക്കെതിരെ തിരിച്ചടിച്ച് നെയ്‌മർ. അർജന്റീന ടീം ഡ്രസിങ് റൂമിൽ ബ്രസീലിനെ കളിയാക്കി ചാന്റുകൾ മുഴക്കിയതിനോട് "അവർ ലോകകപ്പാണോ നേടിയത്" എന്നാണു നെയ്‌മർ പ്രതികരിച്ചത്.

കിരീടവിജയത്തിനു ശേഷമാണ് വെംബ്ലിയിലെ ഡ്രസിങ് റൂമിൽ വെച്ച് അർജന്റീന ആരാധകർ ബ്രസീലിനെ കളിയാക്കിയും മെസി, മറഡോണ എന്നിവരെ പ്രശംസിച്ചുമുള്ള ചാന്റുകൾ മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെ പെട്ടന്നു തന്നെ പടരുകയും ചെയ്‌തു. ഇതിനു പിന്നാലെ ഇൻസ്റ്റഗ്രാമിലാണ് നെയ്‌മർ തന്റെ പ്രതികരണം നടത്തിയത്.

അർജന്റീന താരങ്ങളുടെ വിജയാഘോഷത്തിൽ ബ്രസീൽ ടീമിനെ കളിയാക്കിയതു സംബന്ധിച്ച് ഒരു ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് വന്നിരുന്നു. അതിനടിയിൽ കമന്റായാണ് "അവർ ലോകകപ്പ് വിജയിച്ചോ" എന്ന കളിയാക്കൽ നെയ്‌മർ നടത്തിയത്. ഇതു വളരെ പെട്ടന്നു തന്നെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയും ചെയ്‌തു.

ഇതാദ്യമായല്ല നെയ്‌മർ അർജന്റീന താരങ്ങളെ കളിയാക്കുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടനേട്ടത്തിനു ശേഷം പിഎസ്‌ജി ടീമിലെ അർജന്റീന താരങ്ങൾ ഇട്ട ചിത്രത്തിനു താഴെ ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്‌ത്‌ നെയ്‌മർ വാർത്തകളിൽ ഇടം നേടിയിരുന്നു. പരസ്‌പരം കളിയാക്കുമ്പോഴും അർജന്റീന- ബ്രസീൽ താരങ്ങളിൽ പലർക്കുമിടയിൽ വലിയ സൗഹൃദവും നിലനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit