പിഎസ്ജിയിലെ ത്രിമൂർത്തികൾ ആറാടി; നെയ്മർക്കും എംബാപ്പക്കും ഹാട്രിക്ക് ഗോളുകൾ, മെസിക്ക് ഹാട്രിക്ക് അസിസ്റ്റ്


ഈ സീസണിൽ സ്വന്തമാക്കാൻ സാധ്യമായ ഫ്രഞ്ച് ലീഗ് കിരീടത്തിലേക്കുള്ള പോരാട്ടത്തിൽ വമ്പൻ വിജയവുമായി പിഎസ്ജി. മെസി, നെയ്മർ, എംബാപ്പെ സഖ്യം തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. നെയ്മർ, എംബാപ്പെ എന്നിവർ ഹാട്രിക്ക് നേടിയപ്പോൾ ഹാട്രിക്ക് അസിസ്റ്റുകൾ മെസിയും സ്വന്തമാക്കി.
കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ എംബാപ്പെ അതിന്റെ തുടർച്ചയായ പ്രകടനം നടത്തിയപ്പോൾ ക്ലെർമണ്ട് ഫൂട്ടിനെതിരെ മൂന്നു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. 19, 74, 80 മിനിറ്റുകളിൽ ഗോൾ നേടിയ താരം നെയ്മർ നേടിയ ആറാമത്തെ ഗോളിനാണ് വഴിയൊരുക്കിയത്. ഇതോടെ ലീഗിലെ ഗോൾവേട്ടക്കാരിലും അസിസ്റ്റ് നൽകിയ താരങ്ങളിലും എംബാപ്പയാണ് മുന്നിൽ.
PSG FRONT 3 WAS ON FIRE TODAY:
— ESPN FC (@ESPNFC) April 9, 2022
? Messi hat trick of assists
? Neymar hat trick
? Mbappe hat trick pic.twitter.com/vgzjhJFex1
റയൽ മാഡ്രിഡിനെതിരായ തോൽവിക്കു ശേഷം പിഎസ്ജിയിൽ ഏറ്റവുമധികം വിമർശനങ്ങൾ കേട്ട താരമായ നെയ്മർ അതിനുള്ള മറുപടി കളിക്കളത്തിൽ നൽകാൻ തുടങ്ങിയെന്നു വേണം ഇന്നലത്തെ പ്രകടനത്തിൽ നിന്നും മനസിലാക്കാൻ. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മാത്രം അഞ്ചു ഗോളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ 6, 71, 83 മിനുട്ടുകളിലായിരുന്നു നെയ്മറിന്റെ ഗോളുകൾ.
പിഎസ്ജിക്കു വേണ്ടി ഈ സീസണിൽ മൂന്നു ലീഗ് ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും ഈ സീസണിൽ ഇതുവരെ ഇരുപതു ലീഗ് മത്സരങ്ങളിൽ കളിക്കാനിറങ്ങി 13 അസിസ്റ്റുകൾ സ്വന്തമാക്കിയ മെസിയുടെ നേട്ടം അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. ഇന്നലത്തേതുൾപ്പെടെ കരിയറിൽ ഇതുവരെ അഞ്ചു തവണ ഹാട്രിക്ക് അസിസ്റ്റ് നേട്ടം സ്വന്തമാക്കിയ മെസി അതിൽ രണ്ടെണ്ണവും ഈ സീസണിലാണ് നേടിയിരിക്കുന്നത്. ലീഗ് വൺ അസിസ്റ്റ് വേട്ടക്കാരിൽ എംബാപ്പെ മാത്രമാണിപ്പോൾ മെസിക്കു മുന്നിലുള്ളത്.
മത്സരത്തിൽ മികച്ച വിജയം നേടിയതോടെ ഏഴു മത്സരങ്ങൾ ബാക്കി നിൽക്കെ നിലവിൽ രണ്ടാം സ്ഥാനത്തുള്ള റെന്നെസുമായി പിഎസ്ജിയുടെ പോയിന്റ് വ്യത്യാസം പതിനഞ്ചായി. പിഎസ്ജിക്ക് മുപ്പത്തിയൊന്നു മത്സരങ്ങളിൽ നിന്നും 71 പോയിന്റുള്ളപ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും 56 പോയിന്റാണ് റെന്നസിന്റെ സമ്പാദ്യം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.