Football in Malayalam

നെയ്മറിനും എംബാപ്പക്കും പിഎസ്‌ജി വിടാൻ ഒരു കാരണവും ഇല്ലെന്ന് ക്ലബ് പ്രസിഡന്റ് നാസർ അൽ-ഖലൈഫി

Ali Shibil Roshan
നെയ്മറിന്റെയും എംബാപ്പയുടെയും പിഎസ്‌ജിയുമായുള്ള നിലവിലെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കുകയാണ്.
നെയ്മറിന്റെയും എംബാപ്പയുടെയും പിഎസ്‌ജിയുമായുള്ള നിലവിലെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കുകയാണ്. / Matthias Hangst/Getty Images
facebooktwitterreddit

നെയ്മറിനും കെയ്‌ലിൻ എംബാപ്പക്കും പിഎസ്‌ജി വിടാൻ ഒരു കാരണവുമില്ലെന്നും, ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന വിശ്വാസം തങ്ങൾക്കുണ്ടെന്നും ഫ്രഞ്ച് ക്ലബിന്റെ പ്രസിഡന്റ് ആയ നാസർ അൽ-ഖലൈഫി.

ടീമിലെ സുപ്രധാന താരങ്ങളായ നെയ്മർ, എംബാപ്പെ എന്നിവരുടെ ക്ലബുമായുള്ള നിലവിലെ കോൺട്രാക്ട് അടുത്ത വർഷം അവസാനിക്കാനിരിക്കെ, കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇത് വരെയും ഒരു അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. അതേ സമയം, ഇരു താരങ്ങളും ഈ സീസണിന് ശേഷം പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. നെയ്മർ തന്റെ മുൻ ക്ലബായ ബാഴ്‌സയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുമ്പോൾ, എംബാപ്പക്കായി പ്രധാനമായും രംഗത്തുള്ളത് റയൽ മാഡ്രിഡാണ്.

നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കിനെ മറികടന്ന് സെമി ഫൈനലിലേക്ക് പിഎസ്‌ജി യോഗ്യത നേടിയതിന് ശേഷം സംസാരിക്കവെ, സാധ്യമായ എല്ലാ കിരീടങ്ങളും നേടാൻ തങ്ങൾ ക്ലബിൽ ഒരുപാട് നിക്ഷേപിച്ചിട്ടുണ്ടെന്നും, നെയ്മറിനും എംബാപ്പക്കും ക്ലബ് വിടാൻ യാതൊരു കാരണവും ഇല്ലെന്നും അൽ-ഖലൈഫി പറഞ്ഞു.

"ചാമ്പ്യൻസ് ലീഗും, ലഭ്യമായ എല്ലാ കിരീടങ്ങളും വിജയിക്കാൻ വേണ്ടി ഞങ്ങൾ ക്ലബിൽ ഒരുപാട് നിക്ഷേപിച്ചിട്ടുണ്ട്. നെയ്മറിനും എംബാപ്പക്കും ക്ലബ് വിടാൻ ഒരു കാരണവും ഇല്ല," അൽ-ഖലൈഫി ആർഎംസി സ്പോർട്ടിനോട് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്തു.

"എല്ലാ കോമ്പറ്റീഷനുകളും ജയിക്കാനുള്ള എല്ലാതും ഞങ്ങൾക്കുണ്ട്. ഞങ്ങൾക്ക് ഒരു മികച്ച ടീമുണ്ട്. ഞങ്ങൾക്ക് ബാക്കിയുള്ള [ടീമുകളോട്] ബഹുമാനമുണ്ട്, പക്ഷെ ഞങ്ങൾ ഇപ്പോൾ അവരുടെ അതെ നിലവാരത്തിലാണ്. ഞങ്ങൾ പരിശ്രമിക്കുകയാണ്. അത് [ചാമ്പ്യൻസ് ലീഗ്] ഇനിയും കഴിഞ്ഞിട്ടില്ല.

"ഞങ്ങൾ [പരിശ്രമം] തുടരേണ്ടതുണ്ട്, ശാന്തരായി തുടരേണ്ടതുണ്ട്, കാരണം ചാമ്പ്യൻസ് ലീഗ് പൂർത്തിയായിട്ടില്ല. ഞങ്ങൾ എല്ലാ ദിവസവും കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. [ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്ന] വിശ്വാസം അവിടെയുണ്ട്. അതിന്റെ രഹസ്യം പരിശ്രമമാണ്. ചെറിയ വിഷാദശാംശങ്ങൾ പോലും വ്യത്യാസം വരുത്തും."

അതേ സമയം, മാഞ്ചസ്റ്റർ സിറ്റിയും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലെ ജേതാക്കളെയാണ് പിഎസ്‌ജി സെമി ഫൈനലിൽ നേരിടുക.


facebooktwitterreddit