Football in Malayalam

നെയ്മറിന് വീണ്ടും പരിക്ക്, ബാഴ്‌സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങുന്ന കാര്യം അനിശ്ചിതത്വത്തിൽ

Sreejith N
SM Caen v Paris Saint-Germain - French Cup
SM Caen v Paris Saint-Germain - French Cup / John Berry/Getty Images
facebooktwitterreddit

സിയനുമായി ഇന്നലെ നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിനിടെ സൂപ്പർതാരം നെയ്മറിന് പരിക്കേറ്റത് പിഎസ്‌ജിക്ക് ആശങ്കയാകുന്നു. ബാഴ്‌സലോണയുമായി ഒരാഴ്ചക്കകം ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാനിരിക്കെയാണ് ബ്രസീലിയൻ സൂപ്പർതാരത്തിന് പരിക്കേറ്റത്. താരത്തിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥയെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും നിർണായകമായ യൂറോപ്യൻ പോരാട്ടം താരത്തിന് നഷ്ടമാകാനാണ് സാധ്യത കൂടുതൽ.

ഫ്രഞ്ച് കപ്പ് മത്സരത്തിന്റെ അറുപത്തിനാലാം മിനുട്ടിലാണ് പരിക്കേറ്റ് നെയ്‌മർ പുറത്തു പോകുന്നത്. ഇതേതുടർന്ന് കളിക്കളം വിട്ട താരത്തിന് പകരം എംബാപ്പയാണ് ഇറങ്ങിയത്. മോയ്‌സ്‌ കീൻ നേടിയ ഒരേയൊരു ഗോളിൽ പിഎസ്‌ജി വിജയം സ്വന്തമാക്കി എങ്കിലും നെയ്മറിന്റെ പരിക്ക് പിഎസ്‌ജിയെ സംബന്ധിച്ച് ആശങ്ക തന്നെയാണ്.

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുൻപ് പരിക്കേൽക്കുന്നത് നെയ്മറിന് ആദ്യത്തെ സംഭവമല്ല. ബാഴ്‌സലോണയിൽ നിന്നും പിഎസ്ജിയിലേക് ട്രാൻസ്‌ഫർ പൂർത്തിയാക്കിയ സീസണിൽ തന്നെ മൂന്നു മാസം പരിക്കേറ്റു നെയ്‌മർ പുറത്തിരുന്ന സമയത്താണ് റയലിനോട് പിഎസ്‌ജി തോൽവി വഴങ്ങി പുറത്താവുന്നത്. ഇതിനു പുറമെ 2019ൽ സമാനമായ രീതിയിൽ പരിക്കു പറ്റി താരം പുറത്തിരുന്നതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോടും പിഎസ്‌ജി തോൽവി വഴങ്ങിയിരുന്നു.

താരത്തിന്റെ പരിക്കിന്റെ അവസ്ഥയെക്കുറിച്ച് ഇപ്പോൾ പറയുക സാധ്യമല്ലെന്നാണ് മത്സരത്തിന് ശേഷം പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ പറഞ്ഞത്. താരത്തിന് വേണ്ടത്ര സംരക്ഷണം മത്സരങ്ങളിൽ ലഭിക്കുന്നില്ലെന്നും ഇത് അടിക്കടി പരിക്കേൽക്കുന്നതിനു കാരണമാകുന്നുണ്ടെന്നും പോച്ചട്ടിനോ അഭിപ്രായപ്പെട്ടു. നെയ്മറെ ഫ്രഞ്ച് കപ്പിൽ ഇറക്കിയ തീരുമാനത്തിൽ തനിക്ക് നിരാശയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പരിക്കേറ്റു പുറത്തായ ഡി മരിയക്കും ബാഴ്‌സലോണക്കെതിരായ മത്സരം നഷ്ടമാകും. ഇതിനു പുറമെ മധ്യനിര താരമായ വെറാറ്റിയും കളിക്കുന്ന കാര്യം സംശയത്തിലാണ്. അടുത്ത ചൊവ്വാഴ്ച ബാഴ്‌സയുടെ മൈതാനത്ത് വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അതിനു ശേഷം മാർച്ച് 10നാണു രണ്ടാം പാദ മത്സരം.

facebooktwitterreddit