പുതിയ വെളിപ്പെടുത്തലുമായി നെയ്മർ, ആളുകൾക്ക് തന്നെക്കുറിച്ചുള്ള മോശം കാഴ്ചപ്പാടുകൾ മാറുമെന്ന പ്രതീക്ഷയിൽ താരം


ഓൺലൈൻ പ്ലാറ്റ്ഫോമും പ്രൊഡക്ഷൻ ഹൗസുമായ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ തന്നെക്കുറിച്ചുള്ള പുതിയ ഡോകുമെന്ററിയുടെ ലോഞ്ചിങ് ചടങ്ങിൽ സംസാരിക്കേ ആളുകൾക്ക് തന്നെക്കുറിച്ചുള്ള മോശം അഭിപ്രായം മാറുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. 'ദി പെർഫെക്റ്റ് കയോസ്' എന്ന പേരിലുള്ള മൂന്നു ഭാഗങ്ങളായുള്ള ഡോക്യൂമെന്ററി തന്റെ ജീവിതത്തിന്റെ മറ്റൊരു വശം ആളുകൾക്ക് മുന്നിൽ തുറക്കുമെന്ന പ്രതീക്ഷ താരം പ്രകടിപ്പിച്ചു.
"എന്നെ അറിയുന്നവർക്ക് ഞാൻ ആരാണെന്നും എന്തൊക്കെയാണ് എനിക്കു പ്രധാനപ്പെട്ട കാര്യങ്ങളെന്നും അറിയാം. എന്നാൽ എന്നെ അറിയാതെ എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നവരെ ഞാൻ മാറ്റി നിർത്തുകയാണ് പതിവ്. എന്നാൽ അവരെല്ലാവരും ഈ ഡോക്യൂമെന്ററി കാണുമെന്നും എന്നെ സംബന്ധിച്ച് അവർക്കുളള കാഴ്ചപ്പാടുകൾ മാറ്റുമെന്നും ഞാൻ കരുതുന്നു."
Neymar: The Perfect Chaos.
— Oddschanger (@Oddschanger) January 12, 2022
I am ready for this ???
? @uninterrupted/@netflixpic.twitter.com/kCYuvJIuwa
"അവർക്കെന്നെ കുറച്ചെങ്കിലും ഇഷ്ടപ്പെട്ടു തുടങ്ങാൻ പഠിച്ചു തുടങ്ങുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. കുറച്ചു പേർക്കു മാത്രമേ യഥാർത്ഥ എന്നെ മനസിലാക്കാൻ കഴിയൂ. എന്റെ അടുത്ത സുഹൃത്തുക്കൾ, കുടുംബം, ചില സഹതാരങ്ങൾ എന്നിവർ അതിൽ ഉൾപ്പെടുന്നു."
ഇപ്പോൾ ഞാനെന്റെ ജീവിതത്തിന്റെ കുറച്ചു ഭാഗങ്ങൾ കാണിക്കാമെന്നു കരുതുന്നു. എന്റെ ദൈനംദിന ജീവിതത്തിൽ ഞാൻ എങ്ങിനെയാണ്, ജോലിയിൽ, വീട്ടിൽ, അച്ഛനെന്ന നിലയിൽ, മകനും സഹോദരനുമെന്ന നിലയിൽ എങ്ങിനെയാണെന്നെല്ലാം അതിൽ കാണിക്കുന്നു. ഈ ഡോക്യൂമെന്ററി ആളുകൾക്കു മുന്നിൽ എന്റെ ആ വശം കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." നെയ്മർ ഇഎസ്പിഎന്നിനോട് പറഞ്ഞു.
മനോഹരമായ മുഹൂർത്തങ്ങൾക്കൊപ്പം താറുമാറായ നിരവധി കാര്യങ്ങളും നിറഞ്ഞതാണ് തന്റെ ജീവിതമെന്നും നെയ്മർ അതിനൊപ്പം കൂട്ടിച്ചേർത്തു. നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന താരം റയൽ മാഡ്രിഡിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് ടീമിൽ തിരിച്ചെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.