Football in Malayalam

അർജന്റീനയും മെസിയും കോപ്പ കിരീടമുയർത്താൻ പിന്തുണച്ച് ബ്രസീലിയൻ ആരാധകർ, രൂക്ഷ വിമർശനവുമായി നെയ്‌മർ

Sreejith N
Brazil v Peru - Copa America Brazil 2021: Semifinal
Brazil v Peru - Copa America Brazil 2021: Semifinal / Buda Mendes/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തിൽ അർജന്റീനക്കും മെസിക്കും പിന്തുണ നൽകുന്ന ബ്രസീലിയൻ ആരാധകർക്കെതിരെ വിമർശനവുമായി സൂപ്പർതാരം നെയ്‌മർ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്‌മർ ഇക്കാര്യം പരോക്ഷമായും എന്നാൽ വ്യക്തതയോടെയും പരാമർശിച്ചത്. ബ്രസീലിലെ അറിയപ്പെടുന്ന ചില വ്യക്തിത്വങ്ങളടക്കം കലാശപ്പോരാട്ടത്തിൽ മെസിക്ക് പിന്തുണയുമായി പരസ്യമായി രംഗത്തു വന്നതോടെയാണ് നെയ്‌മർ ഈ വിഷയത്തിൽ തന്റെ അസ്വസ്ഥത അറിയിച്ചത്.

ബ്രസീലിയൻ സ്‌പോർട് ടിവി ജേർണലിസ്റ്റായ ഫാബിയോള അൻഡ്രാഡയാണ് മെസിക്കും അർജന്റീനക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വ്യക്തിത്വങ്ങളിൽ ഒരാൾ. തനിക്കൊരുപാട് അർജന്റീനിയൻ സുഹൃത്തുക്കളുണ്ടെങ്കിലും അവരെയൊന്നും കണ്ടല്ല ഇതു പറയുന്നതെന്നും ഫുട്ബോളിനെയും മെസിയെയും ഇഷ്ടപ്പെടുന്ന തനിക്ക് അർജന്റീനിയൻ നായകൻ ഒരു ഇന്റർനാഷണൽ കിരീടം ഉയർത്തണമെന്ന ആഗ്രഹമുണ്ടെന്നാണ് അൻഡ്രാഡ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

അതേസമയം ഈ വിഷയം സൂചിപ്പിച്ച് നെയ്‌മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങിനെയായിരുന്നു. "വളരെ അഭിമാനത്തോടെയും ഇഷ്ടത്തോടെയുമാണ് ഞാനൊരു ബ്രസീലിയൻ ആയി തുടരുന്നത്. ബ്രസീലിയൻ ടീമിനൊപ്പം എല്ലായിപ്പോഴും തുടർന്ന് ആരാധകർ ആർത്തു വിളിക്കുന്നത് കേൾക്കുക എന്റെ സ്വപ്‌നമാണ്."

ബ്രസീൽ എന്തെങ്കിലും നേട്ടത്തിന് വേണ്ടി കളിക്കുമ്പോൾ ഞാനവരെ ഒരിക്കലും ആക്രമിക്കാറില്ല. അതു കായിക ഇനങ്ങളിലായാലും, മോഡലിങ്ങിലായാലും ഓസ്‌കാർ വേദിയിലായാലും. ഇതു ബ്രസീലും ഞാനും ബ്രസീലുമായിരിക്കെ ആരാണ് അതിൽ നിന്നും വ്യത്യസ്‌തമായി ചെയ്യുന്ന ബ്രസീലിയൻ? അത് കുഴപ്പമില്ല, ഞാനതിനെ ബഹുമാനിക്കുന്നു. പക്ഷെ എതിരെ നിൽക്കുന്നവർ ആരായാലും പോയി പണി നോക്കൂ." നെയ്‌മർ കുറിച്ചു.

പ്രസ്‌തുത സംഭവത്തിൽ നെയ്‌മർക്ക് പിന്തുണയുമായി ബ്രസീലിയൻ പ്രതിരോധ താരമായ മാർക്വിന്യോസും രംഗത്തെത്തി. മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരടക്കം നിരവധി പേർ ബ്രസീലിനു എതിരായി രംഗത്തുള്ളത് ശരിയല്ലെന്നും അവരടക്കമുള്ള ആരാധകരുടെ പിന്തുണയാണ് തങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും മാർക്വിന്യോസ് പറഞ്ഞു.

facebooktwitterreddit