അമിതവണ്ണത്തിന്റെ പേരിലുള്ള ആരാധകരുടെ വിമർശനങ്ങളിൽ പ്രതികരിച്ച് നെയ്‌മർ

Sreejith N
Chile v Brazil - FIFA World Cup 2022 Qatar Qualifier
Chile v Brazil - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ പ്രീമിയർ ലീഗ് താരങ്ങളുടെ അഭാവമുണ്ടായിട്ടും വിജയം നേടി ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ അപരാജിത കുതിപ്പു നിലനിർത്താൻ ബ്രസീൽ ടീമിനു കഴിഞ്ഞിരുന്നു. എന്നാൽ മത്സരത്തിനു ശേഷം ബ്രസീലിന്റെ വിജയത്തേക്കാൾ നെയ്‌മർക്കെതിരായ പരിഹാസങ്ങളും വിമർശനവുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ മുന്നിൽ നിന്നത്. നെയ്‌മർക്ക് അമിതമായ ശരീരവണ്ണമുണ്ടെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ പോസ്റ്റു ചെയ്‌ത ആരാധകർ അതിന്റെ പേരിലായിരുന്നു താരത്തെ കളിയാക്കുകയും വിമർശിക്കുകയും ചെയ്‌തത്‌.

ചിലിക്കെതിരായ മത്സരത്തിനിടയിൽ എടുത്ത നെയ്‌മറുടെ ചിത്രങ്ങളിൽ പലതും അമിതവണ്ണമുണ്ടെന്നു തോന്നിപ്പിക്കുന്നതു തന്നെയായിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ഒഴിവു ദിവസങ്ങൾ ആഘോഷിച്ചതിനു പിന്നാലെ വണ്ണം കൂടിയ നെയ്‌മർ ഇതുവരെയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നതിന്റെ പേരിലാണ് താരത്തെ ആരാധകർ വിമർശിച്ചത്. എന്നാൽ അതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കി, തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി നെയ്‌മർ കഴിഞ്ഞ ദിവസം രംഗത്തെത്തി.

മത്സരത്തിനിടയിൽ താൻ അണിഞ്ഞിരുന്ന ഷർട്ടിന്റെ വലിപ്പമാണ് അമിതവണ്ണം തോന്നിപ്പിക്കാൻ കാരണമെന്നാണ് നെയ്‌മർ പറയുന്നത്. "ചിലിക്കെതിരായ മത്സരത്തിൽ ഞാൻ അണിഞ്ഞിരുന്ന ഷർട്ടിന്റെ സൈസ് ലാർജ് ആയിരുന്നു. എനിക്ക് അനുയോജ്യമായ വണ്ണമാണ് ഇപ്പോഴുള്ളത്. അടുത്ത മത്സരത്തിൽ ഞാൻ മീഡിയം സൈസിലുള്ള ജേഴ്‌സി ആവശ്യപ്പെടും." ഇൻസ്റ്റഗ്രാമിൽ തന്റെ ഫോട്ടോക്കൊപ്പം നെയ്‌മർ കുറിച്ചു.

അടുത്ത മത്സരത്തിൽ കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ടീമിനെ നേരിടാനിരിക്കെ എവെർട്ടൺ റിബെയ്‌റോ നേടിയ ഒരേയൊരു ഗോളിൽ ചിലിക്കെതിരെ സ്വന്തമാക്കിയ വിജയം ബ്രസീലിയൻ ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. ഫൈനലിലെ തോൽവിക്ക് പകരമായി അർജന്റീനയെ കീഴടക്കി യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരാൻ കഴിയുമെന്നാണ് കാനറികൾ പ്രതീക്ഷിക്കുന്നത്.

facebooktwitterreddit