Football in Malayalam

"സാവിക്കും ഇനിയേസ്റ്റക്കുമൊപ്പം നിൽക്കുന്ന താരം"- പിഎസ്‌ജിയുടെ വിജയത്തിൽ വെറാറ്റിയെ പ്രശംസിച്ച് നെയ്‌മർ

Sreejith N
Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League
Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ അവസാനനിമിഷം കിലിയൻ എംബാപ്പെ നേടിയ ഗോളിൽ പിഎസ്‌ജി വിജയം നേടിയതിനു ശേഷം ടീമിലെ മധ്യനിര താരമായ മാർകോ വെറാറ്റിയെ പ്രശംസിച്ച് നെയ്‌മർ ജൂനിയർ. ഇറ്റാലിയൻ താരം ഒരു ജീനിയസാണെന്നു പറഞ്ഞ നെയ്‌മർ മുൻ ബാഴ്‌സലോണ താരങ്ങളായ സാവി, ഇനിയേസ്റ്റ എന്നിവർക്കൊപ്പം നിർത്താൻ കഴിയുന്ന കളിക്കാരനാണു വെറാറ്റിയെന്നാണ് അഭിപ്രായപ്പെട്ടത്.

മത്സരത്തിൽ റയൽ മാഡ്രിഡിനെ നിഷ്പ്രഭമാക്കിയ പിഎസ്‌ജിക്കു വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനമാണ് വെറാറ്റി നടത്തിയത്. മോഡ്രിച്ചും ക്രൂസും കസമീറായും അടങ്ങുന്ന റയൽ മാഡ്രിഡിന്റെ പുകഴ്‌പെറ്റ താരനിരക്കെതിരെ കളിച്ച ഇറ്റാലിയൻ താരം പിഎസ്‌ജി മധ്യനിരയെ മുഴുവനും നിയന്ത്രിച്ച് മത്സരം പൂർണമായും ഫ്രഞ്ച് ക്ലബിന്റെ വരുതിയിലാക്കി മാറ്റുകയായിരിക്കുന്നു.

"വെറാറ്റി ഒരു മികച്ച താരമാണെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ താരം ഇത്രയും ഗംഭീരമാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. താരം ഒരു ജീനിയസാണ്. സാവിക്കും ഇനിയേസ്റ്റക്കും ഒപ്പം ഞാൻ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മധ്യനിര താരമാണ് അദ്ദേഹം." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ നെയ്‌മർ പറഞ്ഞു.

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര സ്വന്തമായുള്ള പിഎസ്‌ജിക്ക് പന്തിന്മേൽ അപാരമായ നിയന്ത്രണമുള്ള, പ്രത്യാക്രമണങ്ങളെ കൃത്യമായി തടുക്കാനും കഴിയുന്ന വെറാറ്റിയെ പോലൊരു മധ്യനിര താരമുള്ളത് വളരെ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ നിരന്തരമായ പരിക്കുകളും ഒപ്പം കളിക്കാൻ കഴിയുന്ന, ക്രിയാത്മകതയുള്ള മധ്യനിര താരങ്ങൾ പിഎസ്‌ജിയിലില്ലെന്നതും താരത്തിന്റെ പ്രകടനത്തെ പലപ്പോഴും പരിമിതപ്പെടുത്തുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit