PSG

മെസിയും എംബാപ്പയും ജീനിയസുകൾ, അവർക്കൊപ്പം കളിക്കുന്നത് വളരെയധികം ഇഷ്‌ടമാണെന്ന് നെയ്‌മർ

Sreejith N
Neymar Hails Messi And Mbappe As Geniuses
Neymar Hails Messi And Mbappe As Geniuses / Soccrates Images/GettyImages
facebooktwitterreddit

പിഎസ്‌ജി സഹതാരങ്ങളായ ലയണൽ മെസിയും കിലിയൻ എംബാപ്പയും ജീനിയസുകളാണെന്നും അവർക്കൊപ്പം കളിക്കാൻ തനിക്ക് വളരെയധികം ഇഷ്‌ടമാണെന്നും വെളിപ്പെടുത്തി ടീമിലെ മറ്റൊരു സൂപ്പർതാരമായ നെയ്‌മർ. ഫ്രഞ്ച് ലീഗിൽ ക്ലെർമണ്ട് ഫൂട്ടിനെതിരായ മത്സരത്തിനു ശേഷം സംസാരിക്കുമ്പോഴാണ് ബ്രസീലിയൻ താരം മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

മെസി, നെയ്‌മർ, എംബാപ്പെ സഖ്യം ഈ സീസണിൽ നിരവധി മത്സരങ്ങളിൽ ഒരുമിച്ചു കളിച്ചെങ്കിലും ഫോം കണ്ടെത്താൻ വേണ്ടി കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി പതിനൊന്നു ഗോളുകൾ പിഎസ്‌ജി നേടിയപ്പോൾ അതിന്റെ ഗോളോ അസിസ്റ്റോ ഈ താരങ്ങൾ സ്വന്തമാക്കിയെന്നത് ഇവരുടെ ഇടയിൽ ഒത്തിണക്കം വർധിച്ചുവെന്നതിന്റെ തെളിവു തന്നെയാണ്.

"ബുദ്ധിയും വിവേകവുമുള്ള താരങ്ങൾക്കൊപ്പം കളിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ലിയോയും കിലിയനും അസാധാരണ കളിക്കാരാണ്. രണ്ടു ജീനിയസുകളായ താരങ്ങളാണ് അവർ." മത്സരത്തിനു ശേഷം പിഎസ്‌ജി ടിവിയോട് സംസാരിക്കേ നെയ്‌മർ പറഞ്ഞു. മത്സരത്തിൽ നെയ്‌മറും എംബാപ്പയും ഹാട്രിക്ക് നേടിയപ്പോൾ മെസി ഹാട്രിക്ക് അസിസ്റ്റ് സ്വന്തമാക്കിയിരുന്നു.

നെയ്‌മർ, മെസി, എംബാപ്പെ സഖ്യം ഇപ്പോൾ കളിക്കളത്തിൽ ഒത്തിണക്കം കാണിക്കുന്നുണ്ടെങ്കിലും അത് ഈ സീസണിൽ മാത്രമായി ഒതുങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്നിരിക്കെ അടുത്ത സീസണിൽ പിഎസ്‌ജി മുന്നേറ്റനിരയിൽ മെസിയും നെയ്‌മറും മാത്രമാകും ഉണ്ടാകുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit