Football in Malayalam

കോപ്പ അമേരിക്ക ഫൈനലിൽ മെസിയോടുള്ള സൗഹൃദം കളത്തിനു പുറത്തിരിക്കും, നിലപാട് വ്യക്തമാക്കി നെയ്‌മർ

Sreejith N
Brazil v Argentina - FIFA 2018 World Cup Qualifiers
Brazil v Argentina - FIFA 2018 World Cup Qualifiers / Edu Andrade/Getty Images
facebooktwitterreddit

ലയണൽ മെസി തന്റെ വലിയ സുഹൃത്താണെങ്കിലും കോപ്പ അമേരിക്ക ഫൈനലിൽ ആ സൗഹൃദത്തിനു കളത്തിനു വെളിയിലായിരിക്കും സ്ഥാനമെന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ. മെസിയും നെയ്‌മറും നാലു വർഷത്തോളം ബാഴ്‌സക്കു വേണ്ടി ഒരുമിച്ചു കളിക്കുകയും സുവാരസുമായി ചേർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ മുന്നേറ്റനിരയെ സൃഷ്ടിക്കുകയും ചെയ്‌ത താരങ്ങളാണ്.

കോപ്പ അമേരിക്ക ഫൈനലിൽ രണ്ടു ടീമുകളും ഏറ്റുമുട്ടുമ്പോൾ മെസിയും നെയ്‌മറും തമ്മിലുള്ള പോരാട്ടമായും അതു വിലയിരുത്തപ്പെടുന്നുണ്ട്. ആദ്യ ഇന്റർനാഷണൽ കിരീടം തേടിയിറങ്ങുന്ന മെസിയും ആദ്യ കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിടുന്ന നെയ്‌മറുമാണ് തങ്ങളുടെ ടീമിനെ ഇതുവരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നത്. അതുകൊണ്ടു തന്നെ വൈകാരികതക്ക് ഫൈനലിൽ സ്ഥാനമില്ലെന്ന് നെയ്‌മർ വ്യക്തമാക്കി.

"മുൻപെപ്പോഴും പറഞ്ഞിട്ടുള്ളതു പോലെത്തന്നെ, ഞാൻ കളി കണ്ടിട്ടുള്ള താരങ്ങളിൽ വെച്ചേറ്റവും മികച്ചതാണ് മെസി. അതിലുപരിയായി എന്റെ വലിയ സുഹൃത്തുമാണദ്ദേഹം. എന്നാൽ ഇപ്പോൾ ഫൈനലിലായതു കൊണ്ടു തന്നെ ഞങ്ങൾ എതിരാളികളാണ്. എനിക്കീ കിരീടം സ്വന്തമാക്കിയേ മതിയാകൂ, ഇതെന്റെ ആദ്യത്തെ കോപ്പ അമേരിക്ക കിരീടമായിരിക്കും."

"മെസി ദേശീയ ടീമിനൊപ്പം ഒരു കിരീടം സ്വന്തമാക്കാൻ വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കയാണ്. ബ്രസീൽ ടൂർണമെന്റിൽ ഇല്ലെങ്കിൽ ഞാൻ മെസിക്ക് വേണ്ടിയാകും ആർപ്പു വിളിക്കുക. 2014 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ കളിക്കുമ്പോൾ ഞാനതു കൊണ്ടാണ് അവരെ പിന്തുണച്ചത്."

"എന്നാലിപ്പോൾ ബ്രസീൽ രംഗത്തുള്ളതു കൊണ്ടു തന്നെ ഞങ്ങളുടെ സൗഹൃദം കളത്തിനു പുറത്താണ്. ഞങ്ങൾക്കിടയിലെ ബഹുമാനം നല്ല രീതിയിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഒരാൾക്കു മാത്രമേ വിജയിക്കാൻ കഴിയൂ." നെയ്‌മർ വ്യക്തമാക്കി. ഒരു സുഹൃത്തുമായി വീഡിയോ ഗെയിം കളിക്കുമ്പോൾ തമ്മിലുള്ള സൗഹൃദം അതുപോലെ നിലനിൽക്കുന്നതിനൊപ്പം തന്നെ അവരെ തോൽപ്പിക്കുകയെന്ന ആഗ്രഹം ഉണ്ടാകുന്നത് സ്വാഭാവികമെന്നതു പോലെയാണ് ഇതെന്നും നെയ്‌മർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ കോപ്പ അമേരിക്ക ബ്രസീൽ ഉയർത്തിയപ്പോൾ പരിക്കു മൂലം നെയ്‌മർ ടീമിൽ നിന്നും പുറത്തായിരുന്നു. അതേസമയം 2007, 2015, 2016 വർഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനലുകളിൽ കീഴടങ്ങിയിട്ടുള്ള മെസിയുടെ നാലാമത്തെ ടൂർണമെന്റ് ഫൈനലാണ് ബ്രസീലിനെതിരെയുള്ളത്.


facebooktwitterreddit