ബ്രസീൽ ദേശീയടീമിനുള്ള ആരാധകപിന്തുണ കുറയുന്നതു വേദനയാണെന്ന് നെയ്‌മർ

Brazil v Peru - FIFA World Cup 2022 Qatar Qualifier
Brazil v Peru - FIFA World Cup 2022 Qatar Qualifier / Pedro Vilela/GettyImages
facebooktwitterreddit

ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന് യുവതലമുറയിൽ നിന്നും പിന്തുണ കുറഞ്ഞു വരുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് സൂപ്പർതാരം നെയ്‌മർ. ദേശീയ ടീമിനോട് സ്വന്തം രാജ്യത്തുള്ളവർ അകന്നു നിൽക്കുകയാണെന്നു പറഞ്ഞ നെയ്‌മർ ടീം നടത്തുന്ന പ്രകടനത്തിനു വേണ്ടത്ര പിന്തുണയും പ്രാധാന്യവും ലഭിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു.

ഖത്തർ ലോകകപ്പിന് ലാറ്റിനമേരിക്കയിൽ നിന്നും ആദ്യം യോഗ്യത നേടിയ ബ്രസീൽ യോഗ്യത മത്സരങ്ങളിൽ ഒരെണ്ണം പോലും ഇതുവരെ തോൽക്കാതെയാണ് ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ കഴിഞ്ഞ സമ്മറിൽ ബ്രസീലിൽ വെച്ചു നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന കിരീടം നേടിയത് ബ്രസീൽ ടീമിനെതിരെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

"ഇപ്പോൾ ബ്രസീൽ ദേശീയ ടീം ആരാധകരിൽ നിന്നും വളരെ അകലെയാണ്. എപ്പോഴാണ് ഇതു സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ ഞങ്ങളുടെ മത്സരങ്ങൾ വളരെക്കുറച്ച് മാത്രമാണ് സംസാരിക്കപ്പെടുന്നത്. ബ്രസീലിയൻ ദേശീയ ടീം കളിക്കുന്ന സമയത്തു പോലും അവർക്കു പ്രാധാന്യമില്ലാത്ത ഈ തലമുറയിൽ ജീവിക്കുക പ്രയാസമാണ്." ഫെനോമിനോസ് പോഡ്‌കാസ്റ്റിൽ സംസാരിക്കേ നെയ്‌മർ പറഞ്ഞു.

ഇതാദ്യമായല്ല ബ്രസീലിയൻ ടീമിന്റെ ആരാധകർക്കെതിരെ നെയ്‌മർ തിരിയുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള ഫൈനൽ വന്നപ്പോൾ മെസിക്കും അർജന്റീനക്കും നിരവധി ബ്രസീൽ ആരാധകരും മാധ്യമപ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചതിനെതിരെ നെയ്‌മർ രംഗത്തു വന്നിരുന്നു.

അതിനു ശേഷം മാസങ്ങൾക്കു മുൻപ് ദേശീയടീമിൽ നിന്നും വിരമിക്കുമെന്നുള്ള സൂചനകളും താരം നൽകിയിരുന്നു. ഖത്തർ ലോകകപ്പ് ചിലപ്പോൾ തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നും ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് കഴിയുമെന്ന് ഉറപ്പില്ലെന്നും താരം പറഞ്ഞത് നിരവധി പേരുടെ പിന്തുണ ലഭിക്കാനും അതുപോലെത്തന്നെ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.