Football in Malayalam

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയുള്ള ചാംപ്യന്‍സ് ലീഗ് മത്സരത്തിൽ നെയ്മര്‍ കളിക്കുന്ന കാര്യം സംശയത്തില്‍

Haroon Rasheed
Girondins de Bordeaux v Paris Saint-Germain - Ligue 1
Girondins de Bordeaux v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയുള്ള പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കുന്ന കാര്യം സംശയം. കൊളംബിയക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിന്റെ ജയത്തിന് ശേഷം പരിക്ക് കാരണം അര്‍ജന്റീനക്കെതിരേയുള്ള മത്സരം നെയ്മറിന് നഷ്ടമായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച തന്നെ താരം ഫ്രാന്‍സിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

പാരിസില്‍ സ്‌കാനിങിന് വിധേയനായ നെയ്മര്‍ വ്യാഴാഴ്ച പരിശീലനത്തിനും എത്തിയിരുന്നില്ല. എല്‍'എകിപ്പെയുടെ റിപ്പോര്‍ട്ട് പ്രകാരം നെയ്മറിന്റെ തുടയിലെ അഡക്റ്റര്‍ മസിലിന് പരിക്കുണ്ട്. പരിക്കേറ്റതിനാല്‍ നാളെ രാത്രി നാന്റെസിനെതിരെയുള്ള പിഎസ്‌ജിയുടെ ഫ്രഞ്ച് ലീഗ് മത്സരം നെയ്മര്‍ക്ക് നഷ്ടപ്പെടും. സിറ്റിക്കെതിരെയുള്ള ചാംപ്യന്‍സ് ലീഗ് മത്സരത്തിലും നെയ്മർ കളിക്കുന്ന കാര്യം സംശയമാണ്.

ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനത്തിന് വേണ്ടി സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിലാണ് രണ്ട് വമ്പന്‍മാരും മത്സരത്തിനിറങ്ങുന്നത്. നിലവില്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സിറ്റിക്ക് നെയ്മറുടെ അഭാവം ഗുണം ചെയ്യും. അതേ സമയം, നാല് മത്സരങ്ങളിൽ നിന്ന് ഒന്‍പത് പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, അത്രയും മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുള്ള പി.എസ്.ജി രണ്ടാം സ്ഥാനത്താണ്.

അതേ സമയം, പരിക്കിന്റെ പിടിയിലായിരുന്ന പി.എസ്.ജി താരങ്ങളായ മാര്‍ക്കോ വെറേറ്റി, കിംപെമ്പെ തുടങ്ങിയവര്‍ പരിശീലനത്തിനെത്തിയിട്ടുണ്ട്. ഇതുവരെ പരിക്കിന്റെ പിടിയിലായിരുന്ന സ്പാനിഷ് താരം സെര്‍ജിയോ റാമോസും ചാംപ്യന്‍സ് ലീഗ് മത്സരത്തിനുള്ള ടീമില്‍ ഇടം നേടാനുള്ള ഒരുക്കത്തിലാണ്.


facebooktwitterreddit