ഇരട്ടഗോൾ നേടിയിട്ടും ആഹ്ളാദമില്ലാതെ നെയ്മർ, ഗോൾ സമർപ്പിച്ചത് വിമാനാപകടത്തിൽ മരിച്ച ബ്രസീലിയൻ ഗായികക്ക്


ഈ സീസണിൽ നിരവധി കളികൾക്കു ശേഷം പിഎസ്ജിക്കു വേണ്ടിയുള്ള നെയ്മറുടെ ഗോൾ പിറന്നത് ഇന്നലെ ബോർഡെക്സിനെതിരെ നടന്ന ലീഗ് മത്സരത്തിലായിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്ജി വിജയം നേടിയ മത്സരത്തിൽ കെയ്ലിയൻ എംബാപ്പെ നൽകിയ അസിസ്റ്റിൽ ടീമിന്റെ ആദ്യ രണ്ടു ഗോളും നെയ്മർ സ്വന്തമാക്കിയപ്പോൾ മറ്റൊരു ഗോൾ എംബാപ്പെ തന്നെയാണ് നേടിയത്.
എന്നാൽ ഫ്രഞ്ച് ക്ലബിനു വേണ്ടിയുള്ള ഈ സീസണിലെ ആദ്യത്തെ ഇരട്ടഗോൾ നേട്ടം നെയ്മർ യാതൊരു വിധത്തിലും ആഘോഷിച്ചില്ല. അതിനു തൊട്ടുമുൻപത്തെ ദിവസം വിമാനാപകടത്തിൽ മരണമടഞ്ഞ ബ്രസീലിയൻ ഗായിക മരിലിയ മെൻഡോങ്കയുടെ വിയോഗമാണ് താരത്തെ ബാധിച്ചത്. തന്റെ രണ്ടു ഗോളുകളും നെയ്മർ മരിലിയക്കാണു സമർപ്പിക്കുകയും ചെയ്തത്.
Neymar dedicated his first goal against Bordeaux to singer Marília Mendonça, the 26-year-old Brazilian who died in a plane crash Friday pic.twitter.com/3fYtd7pWXH
— B/R Football (@brfootball) November 6, 2021
ഇരുപത്തിയാറാം മിനുട്ടിൽ ആദ്യഗോൾ നേടിയതിനു ശേഷം തന്റെ ജേഴ്സി നെയ്മർ ഉയർത്തിയപ്പോൾ അതിനടിയിൽ മരിലിയക്കുള്ള വിടവാങ്ങൽ സന്ദേശവും ഉണ്ടായിരുന്നു. "വ്യഥകളുടെ രാജകുമാരീ, ഞാനെല്ലായിപ്പൊഴും നിങ്ങളുടെ ആരാധകനായിരിക്കും. ആർഐപി എംഎം" എന്നായിരുന്നു നെയ്മറുടെ സന്ദേശം. അതിനു ശേഷം രണ്ടാമത്തെ ഗോൾ നേടിയപ്പോഴും ആഘോഷങ്ങൾക്കു മുതിരാതിരുന്ന നെയ്മർ അതും മരിലിയക്കാണ് സമർപ്പിച്ചത്.
ഇരുപത്തിയാറുകാരിയായ മരിലിയ മെൻഡോങ്ക സ്റ്റേറ്റ് ഓഫ് മിനാസ് ജെറിസിൽ നിന്നും ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വിമാനാപകടത്തിൽ മരണപ്പെട്ടത്. ബ്രസീലിലെ പ്രശസ്ത ഗായികയായ ഇവർ വിമാനത്തിൽ കയറുന്നതിന്റെ വീഡിയോ അടക്കം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനു മണിക്കൂറുകൾക്കകമാണ് വിമാനാപകടം നടന്നത്. ഇവരുടെ അമ്മാവനും നിർമാതാവും രണ്ടു പൈലറ്റും ഒപ്പം മരണപ്പെട്ടു.
ബ്രസീലിയൻ കൺട്രി മ്യൂസിക്കിന്റെ വിഭാഗമായ സെർടാനേജോ വിഷാദഗാനങ്ങൾ പാടുന്നതിൽ പ്രശസ്തയായ മരിലിയ അതിന്റെ പേരിലാണ് 'വ്യഥകളുടെ രാജകുമാരി' എന്നറിയപ്പെടുന്നത്. 2019ൽ ലാറ്റിൻ ഗ്രാമി അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.