നെയ്മർ അസാധാരണനായ താരമെന്നും എന്നാൽ എല്ലാ മത്സരങ്ങളിലും വ്യത്യാസം വരുത്താൻ അദ്ദേഹത്തിനാകില്ലെന്നും ടിറ്റെ

TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-COL-BRA
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-COL-BRA / JUAN BARRETO/GettyImages
facebooktwitterreddit

നെയ്മർ ജൂനിയർ അസാധാരണനായ കളികാരനാണെന്നും എന്നാൽ എല്ലാ മത്സരങ്ങളിലും വ്യത്യാസം വരുത്താൻ അദ്ദേഹത്തിനാകില്ലെന്നും ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായ ടിറ്റെ. കൊളംബിയക്കെതിരെ ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയതിന് ശേഷം സംസാരിക്കവെയായിരുന്നു ടിറ്റെ ഇങ്ങനെ പറഞ്ഞത്.

ബ്രസീലിന്റെ ഏറ്റവും മികച്ച താരമായ നെയ്മറിന് ഇന്ന് കൊളംബിയക്കെതിരെ നടന്ന മത്സരത്തിൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിനിടെ പാസിംഗിന്റെ കാര്യത്തിലും താരത്തിന് ഒട്ടേറെ പിഴവുകൾ സംഭവിച്ചിരുന്നു. എന്നാൽ തങ്ങളുടെ പ്രധാന താരത്തിന്റെ പ്രകടനം മോശമായെങ്കിലും മത്സരശേഷം അദ്ദേഹത്തെ വിമർശിക്കാൻ ടിറ്റെ തുനിഞ്ഞില്ല. എല്ലാ കളികളിലും നെയ്മറെ നിർണായകമായി ആശ്രയിക്കാനാവില്ലെന്ന് പറഞ്ഞ ടിറ്റെ, നെയ്മറും ഒപ്പം ബ്രസീൽ ടീമും മത്സരത്തിൽ മികച്ചു നിന്നെന്നും അഭിപ്രായപ്പെടുകയായിരുന്നു.

"ഒരു പക്ഷേ അവൻ എല്ലായ്പ്പോളും അസാധാരണമായ കാര്യങ്ങൾ ചെയ്യുമെന്നും എല്ലായ്പ്പോളും വ്യത്യാസമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു‌. അവൻ ഒരു അസാധാരണ കളികാരനാണ്, കാരണം അവൻ അസാധാരണമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നു, എന്നാൽ എപ്പോളുമില്ല. അവൻ ഒരു വ്യത്യസ്ത കളികാരനാണ് നമ്മൾക്ക് അതറിയാം. എന്നാൽ ഇന്ന് അവൻ നന്നായി മാർക്ക് ചെയ്യപ്പെട്ടിരുന്നു, രണ്ട് കളികാർ അവനൊപ്പമുണ്ടായിരുന്നു." ടിറ്റെ പറഞ്ഞു.

അതേ സമയം ബ്രസീൽ ദേശീയ ടീമിനൊപ്പം ഉജ്ജ്വല റെക്കോർഡുള്ള താരമാണ് നെയ്മർ. കാനറികൾക്കായി 113 മത്സരങ്ങളിൽ ഇതു വരെ ജേഴ്സിയണിഞ്ഞ താരം 69 ഗോളുകൾ നേടിയതിനൊപ്പം 49 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. ഇപ്പോളും മികച്ച ഫോമിൽ കളി തുടരുന്ന നെയ്മർ അടുത്ത വർഷം ഖത്തറിൽ നടക്കാനിരുന്ന ലോകകപ്പ് കരിയറിലെ തന്റെ അവസാന ലോകകപ്പാവാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു‌‌. ഫുട്ബോളിൽത്തന്നെ മനസുറപ്പിച്ച് നിർത്താൻ കഴിയുമെന്ന് ഉറപ്പില്ലാത്തതു കൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതെന്നായിരുന്നു ഇതിന് കാരണമായി നെയ്മർ ചൂണ്ടിക്കാട്ടിയത്.

facebooktwitterreddit