Football in Malayalam

നെയ്‌മർ മാജിക്കിൽ പെറു തകർന്നടിഞ്ഞു, മത്സരത്തിനു ശേഷം വികാരാധീനനായി വിതുമ്പി താരം

Sreejith N
Brazil v Peru: Group B - Copa America Brazil 2021
Brazil v Peru: Group B - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീം തങ്ങളാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രകടനവുമായി ബ്രസീൽ. ഇന്നു നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്രസീൽ തകർത്തു വിട്ടത്. ദേശീയ ടീം ജേഴ്‌സിയിൽ ഒരിക്കൽ കൂടി നെയ്‌മർ തന്റെ പ്രതിഭ മുഴുവൻ പുറത്തെടുത്ത മത്സരത്തിൽ താരത്തിനു പുറമെ അലക്‌സ് സാൻഡ്രോ, എവെർട്ടൺ, റിച്ചാർലിസൻ എന്നിവരാണ് ഗോളുകൾ നേടിയത്.

കഴിഞ്ഞ തവണ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പരിക്കു മൂലം പുറത്തായിരുന്നതിനാൽ ബ്രസീലിയൻ ടീമിനൊപ്പം കിരീടമുയർത്താൻ കഴിയാതിരുന്ന നെയ്‌മർ ഈ ടൂർണമെന്റിൽ അത് പരിഹരിക്കുമെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ബ്രസീൽ മത്സരത്തിൽ നേടിയ നാല് ഗോളുകൾക്കും പിന്നിൽ പിഎസ്‌ജി താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മത്സരത്തിന് ശേഷം ബ്രസീലിയൻ ടീമിന് വേണ്ടി കളിക്കുന്നതിൽ തനിക്കുള്ള സന്തോഷത്തെ കുറിച്ചും താരം വ്യക്തമാക്കി.

പെറുവിനെതിരായ ഗോളോടെ ബ്രസീൽ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോളുകളെന്ന പെലെയുടെ റെക്കോർഡിന് ഒൻപതു ഗോൾ മാത്രം പിന്നിലാണ് നെയ്‌മർ. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ നിലവിലെ അസാധാരണമായ സാഹചര്യത്തിൽ ബ്രസീലിയൻ ടീമിന് വേണ്ടി കളിക്കുമ്പോൾ തനിക്ക് ലഭിക്കുന്ന സന്തോഷത്തിനു പകരം വെക്കാൻ ഈ കണക്കുകൾക്കൊന്നും കഴിയില്ലെന്നാണ് താരം വൈകാരികമായ ഭാഷയിൽ പറഞ്ഞത്.

"ബ്രസീലിന്റെ ചരിത്രത്തിന്റെ ഭാഗമാവുകയെന്നത് വലിയൊരു ബഹുമതിയാണ്. എന്നാൽ ആത്മാർത്ഥമായി പറയുകയാണെങ്കിൽ ബ്രസീലിനു വേണ്ടി കളിക്കാനും ഈ ജേഴ്‌സി അണിയാനും മാത്രം ആഗ്രഹിച്ച ഞാൻ ഈ കണക്കുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നിരവധി ബുദ്ധിമുട്ടേറിയതും സങ്കീർണവുമായ കാര്യങ്ങളിലൂടെ കഴിഞ്ഞ രണ്ടു വര്ഷം കടന്നു പോയ എനിക്കിത് വൈകാരിക നിമിഷമാണ്. എന്നാൽ ബ്രസീലിനു വേണ്ടി കളിക്കുന്നതിനിന്റെ സന്തോഷത്തിനു പകരം വെക്കാൻ ഇതിനു കഴിയില്ല." താരം വികാരാധീനനായി മത്സരത്തിനു ശേഷം പറഞ്ഞു.

പെറുവിനെതിരായ ജയത്തോടെ തുടർച്ചയായ ഒൻപതാം വിജയമാണ് ബ്രസീലിയൻ ദേശീയ ടീം നേടുന്നത്. കോപ്പ അമേരിക്കയിലെ കഴിഞ്ഞ മത്സരത്തിൽ വെനസ്വലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയ ബ്രസീൽ രണ്ടു മത്സരങ്ങളിൽ നിന്നും ആറു പോയിന്റുകൾ നേടി ഗ്രൂപ്പിൽ തലപ്പത്താണ്. അടുത്ത മത്സരത്തിൽ കൊളംബിയയെയാണ് കാനറികൾക്ക് നേരിടാനുള്ളത്.

facebooktwitterreddit