ബാഴ്‌സയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം ഉണ്ടായിരുന്നതിനെക്കുറിച്ച് മനസു തുറന്ന് നെയ്‌മർ
By Sreejith N

2019ലെ സമ്മർ ട്രാൻസ്‌ഫർ ജാലകം വളരെയധികം ചർച്ചകളിൽ നിറഞ്ഞത് 2017ൽ ബാഴ്‌സലോണ വിട്ട നെയ്‌മർ കാറ്റലൻ ക്ലബ്ബിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്ന വാർത്തകൾ കൊണ്ടായിരുന്നു. നെയ്‌മർ ബാഴ്‌സലോണയിലേക്ക് തിരിച്ചു വന്നില്ലെങ്കിലും താരം അതാഗ്രഹിച്ചിരുന്നുവെന്നതു യാഥാർഥ്യം തന്നെയാണെന്നാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പുതിയ ഡോക്യൂമെന്ററിയിൽ വ്യക്തമാകുന്നത്.
2019ൽ താൻ പിഎസ്‌ജിയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിച്ചിരുന്നു എന്നു വ്യക്തമാക്കുന്ന നെയ്‌മർ പിഎസ്‌ജി ആരാധകരുമായും ക്ലബുമായും തനിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഡോക്യൂമെന്ററിയിൽ വ്യക്തമാക്കുന്നുണ്ട്. "പിഎസ്‌ജി വിടാനുള്ള തീരുമാനം ഞാൻ എടുക്കുന്നതിനു ഒരു ആരാധകനോ ക്ലബോ കാരണമായിട്ടില്ല. ഞാൻ വേറെയേതെങ്കിലും സ്ഥലത്ത് കൂടുതൽ നന്നായിരിക്കുമെന്ന് എനിക്കു തോന്നി."
Neymar admits he wanted to quit PSG and rejoin Barcelona https://t.co/Zcs5pYKhHP
— SPORT English (@Sport_EN) January 26, 2022
"എനിക്ക് പിഎസ്‌ജി ആരാധകരുമായി യാതൊരു പ്രശ്‌നവുമില്ല, ക്ലബുമായും എനിക്ക് പ്രശ്‌നങ്ങളില്ല. അതൊന്നുമല്ല കാരണം. അതിനു വിപരീതമായി എനിക്ക് വളരെയധികം കടപ്പാടുണ്ട്, ഞങ്ങൾ ഒരേ പക്ഷത്താണ്. ഒരേ ജേഴ്‌സിയെയാണ് ഞങ്ങൾ പ്രതിരോധിക്കുന്നത്. സഹായിക്കാൻ ഞാൻ ഇവിടെയുണ്ടാകും." നെയ്‌മർ ഡോക്യൂമെന്ററിയിൽ പറയുന്നു.
നെയ്‌മർ ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ഓരോ ട്രാൻസ്‌ഫർ ജാലകത്തിലും ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ സീസണിനിടെ ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കിയ നെയ്‌മർ അവിടെ തന്നെ തുടരുമെന്നുറപ്പാണ്. ലയണൽ മെസി കൂടി ടീമിലെത്തിയതോടെ പിഎസ്‌ജിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് താരം.
നിലവിൽ പരിക്കു മൂലം വിശ്രമത്തിൽ തുടരുന്ന താരം എന്നാണു കളിക്കളത്തിലേക്ക് തിരിച്ചു വരുകയെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഫെബ്രുവരി 15നു ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ നടക്കുന്ന പോരാട്ടത്തിൽ താരം ഉണ്ടാകും എന്നാണു ആരാധകരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.