പിഎസ്‌ജി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ക്ലബുമായുള്ള കരാർ രണ്ടു വർഷത്തേക്കു കൂടി നീട്ടി നെയ്‌മർ
By Sreejith N

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മറെ ഒഴിവാക്കാൻ പിഎസ്‌ജി ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെ താരം ക്ലബുമായുള്ള കരാർ പുതുക്കിയെന്ന് റിപ്പോർട്ടുകൾ. 2027 വരെ കരാർ പുതുക്കാനുള്ള ഉടമ്പടി നെയ്‌മറുടെ കോൺട്രാക്റ്റിലുണ്ടെന്നും അതു വഴിയാണ് താരം 2025 വരെയുണ്ടായിരുന്ന തന്റെ കരാർ രണ്ടു വർഷം പുതുക്കിയതെന്നും ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നു.
ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയതോടെയാണ് നെയ്‌മറെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചത്. നിലവിൽ ചെൽസി, എസി മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്. എന്നാൽ പിഎസ്‌ജിയിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്ന് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഉയർന്നതിന്റെ തുടക്കത്തിൽ തന്നെ നെയ്‌മർ വ്യക്തമാക്കിയിരുന്നു.
തന്നെക്കുറിച്ചുള്ള ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് 2021 മെയ് മാസത്തിലാണ് നെയ്‌മർ പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിടുന്നത്. ഈ കരാറും അതിലെ ഉടമ്പടിയുമാണ് താരത്തെ ക്ലബിൽ നിന്നും ഒഴിവാക്കാനുള്ള പിഎസ്‌ജിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി വന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കരാർ രണ്ടു വർഷത്തേക്ക് സ്വയമേവ പുതുക്കാനുള്ള നെയ്‌മറുടെ തീരുമാനം പിഎസ്‌ജി നേതൃത്വത്തിലുള്ളവരിൽ കടുത്ത അതൃപ്‌തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ റിപ്പോർട്ടുകൾ പ്രകാരം 2027 വരെ നെയ്‌മർ പിഎസ്‌ജിയുടെ കളിക്കാരനാണെങ്കിലും ബ്രസീലിയൻ ഫോർവേഡ് ഈ സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യത ഇപ്പോഴും തള്ളിക്കളയാൻ കഴിയില്ല. ബാഴ്‌സലോണയിൽ നിന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന്റെ ട്രാൻസ്‌ഫർ ഫീസും പ്രതിഫലവും നൽകാൻ ഏതു ക്ലബാണ് തയ്യാറാവുക എന്നാണു അറിയാനുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.