Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ജോട്ട യൂറോ കപ്പിൽ കളിച്ചേക്കും, ചെൽസിയുടെ ഈ വർഷത്തെ മികച്ച താരം മൗണ്ട്

Gokul Manthara
Luxembourg v Portugal - FIFA World Cup 2022 Qatar Qualifier
Luxembourg v Portugal - FIFA World Cup 2022 Qatar Qualifier / Sylvain Lefevre/Getty Images
facebooktwitterreddit

1. ജോട്ടയുടെ ഫിറ്റ്നസ് കാര്യത്തിൽ നിർണായക അപ്ഡേറ്റ് നൽകി ക്ലോപ്പ്, ആശ്വാസം പോർച്ചുഗലിന്

Diogo Jota
Manchester United v Liverpool - Premier League / Michael Regan/Getty Images

പരിക്കിനെത്തുടർന്ന് അടുത്ത മാസം നടക്കാനിരിക്കുന്ന യൂറോ കപ്പിൽ കളിക്കാൻ കഴിഞ്ഞേക്കില്ലെന്ന് കരുതപ്പെട്ടിരുന്ന പോർച്ചുഗീസ് സൂപ്പർ താരം ഡിയൊഗോ ജോട്ട അതിവേഗം ഫിറ്റ്നസ് വീണ്ടെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ക്ലബ്ബായ ലിവർപൂളിന്റെ പരിശീലകനായ യർഗൻ ക്ലോപ്പ്. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജോട്ടയുടെ യൂറോ കപ്പ് ഭാവി അപകടത്തിലല്ലെന്നും അതിന് മുൻപ് അദ്ദേഹം പരിക്കിൽ നിന്ന് മോചിതനാകുമെന്നും ക്ലോപ്പ് വ്യക്തമാക്കിയത്‌.‌ യൂറോ കപ്പിന് മുൻപ് പോർച്ചുഗീസ് ദേശീയ ‌ടീമിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്.

2. ചെൽസിയുടെ ഈ വർഷത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് മേസൺ മൗണ്ട്

Mason Mount
Chelsea v Leicester City: The Emirates FA Cup Final / Marc Atkins/Getty Images

പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഇരുപത്തുരണ്ടുകാരനായ മേസൺ മൗണ്ടിന്. ഫ്രാങ്ക് ലംപാർഡിന് കീഴിലും, തോമസ് ടുഷലിന് കീഴിലും ഈ‌ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച താരം 2020-21 സീസണിൽ കളിച്ച 51 മത്സരങ്ങളിൽ 9 ഗോളുകളും, 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

3. പി എസ് ജിയുമായി പുതിയ കരാറിൽ ഒപ്പു വെച്ച് ജൂലിയൻ ഡ്രാക്സ്ലർ

Julian Draxler
Paris Saint-Germain v Stade Reims - Ligue 1 / Quality Sport Images/Getty Images

പാരീസ് സെന്റ് ജെർമ്മനുമായി പുതിയ കരാറിൽ ഒപ്പുവെച്ച് ജെർമ്മൻ മധ്യനിര താരമായ ജൂലിയൻ ഡ്രാക്സ്ലർ. ഇന്നലെ വൈകിട്ടാണ് ക്ലബ്ബ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ കരാർ പ്രകാരം‌ 2024 വരെ താരം ക്ലബ്ബിൽ തുടരും. ഈ സീസണിനൊടുവിൽ ജെർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിലേക്ക് ഡ്രാക്സ്ലർ പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമായിരുന്നു. അതിനിടെയാണ് അത്തരം അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽപ്പറത്തി അടുത്ത മൂന്ന് സീസണുകളിലേക്ക് കൂടി ഫ്രഞ്ച് വമ്പന്മാർക്കൊപ്പം തുടരാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

4. യുവന്റസിനായി 100 ഗോളുകളടിച്ചത് പുത്തൻ കാർ വാങ്ങി ആഘോഷിച്ച് ഡിബാല

Paulo Dybala
US Sassuolo v Juventus FC - Serie A / MB Media/Getty Images

കഴിഞ്ഞയാഴ്ച യായിരുന്നു ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് വേണ്ടി പൗളോ ഡിബാല‌ തന്റെ നൂറാം ഗോൾ സ്കോർ ചെയ്തത്. ഇപ്പോളിതാ തന്റെ ഫുട്ബോൾ കരിയറിലെ തകർപ്പൻ നാഴികക്കല്ലുകളിലൊന്ന് പുത്തൻ ലംബോർഗിനി വാങ്ങി ഡിബാല ആഘോഷിച്ചിരിക്കുന്നു. 400,000 യൂറോ (ഏകദേശം 3,56,79,263 ഇന്ത്യൻ രൂപ)വില വരുന്ന തന്റെ പുത്ത‌ൻ സ്പോർട്സ് കാറിനൊപ്പം ഡിബാല നിൽക്കുന്ന ഫോട്ടോ‌ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

5. അത്ലറ്റിക്കോയിൽ ഇത്ര കഷ്ടപ്പാട് നേരിടേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ലൂയിസ് സുവാരസ്

Luis Suarez
Atletico de Madrid v C.A. Osasuna - La Liga Santander / Quality Sport Images/Getty Images

കഷ്ടപ്പെടുകയെന്നത് പണ്ട് തൊട്ടേ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പമുള്ള കാര്യമാണെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും ഇത്രയധികം കഷ്ടപ്പാടുകൾ അവിടെയുണ്ടാകുമെന്ന് താൻ കരുതിയില്ലെന്ന് ലൂയി സുവാരസ്. ലാലീഗയിൽ ഈ സീസണിലെ കിരീടപ്പോരാട്ടം അവസാന റൗണ്ട് മത്സരം വരെയെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അഭിപ്രായ പ്രകടനവുമായി‌ സുവാരസ് രംഗത്തെത്തിയിരിക്കുന്നത്.

6. വിദേശത്ത് കളിക്കുന്ന ഏറ്റവും മികച്ച ഫ്രെഞ്ച് താരത്തിനുള്ള പുരസ്കാരം ബെൻസേമയ്ക്ക്

Karim Benzema
Athletic Club v Real Madrid - La Liga Santander / Quality Sport Images/Getty Images

വിദേശ രാജ്യങ്ങളിൽ കളിക്കുന്ന ഏറ്റവും മികച്ച ഫ്രെഞ്ച് താരത്തിനുള്ള ഫ്രാൻസ് നാഷണൽ യൂണിയൻ ഓഫ് പ്രൊഫഷണൽ ഫുട്ബോളേഴ്സിന്റെ (UNFP) പുരസ്കാരം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ കരിം ബെൻസേമക്ക്. സൂപ്പർ താരങ്ങളായ ഹ്യൂഗോ ലോറിസ്, എൻ ഗോളോ കാന്റെ, ഉസ്മാൻ ഡെംബലെ എന്നിവരെ മറികടന്നാണ് ബെൻസേമ ഈ പുരസ്കാരത്തിന് അർഹനായത്. 2020-21 സീസണിൽ റയൽ മാഡ്രിഡിനായി മിന്നും പ്രകടനം കാഴ്ച വെക്കുന്ന ബെൻസേമ ഈ സീസണിൽ കളിച്ച 45 മത്സരങ്ങളിൽ 29 ഗോളുകളും 8 അസിസ്റ്റുകളും ഇതിനോടകം നേടിയിട്ടുണ്ട്.

facebooktwitterreddit