Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ടോണി ക്രൂസ് ഈ സീസണിൽ ഇനി കളിച്ചേക്കില്ല, അർജന്റൈൻ താരത്തിന് കോപ്പ അമേരിക്ക നഷ്ടമാകും

Gokul Manthara
Real Madrid v Sevilla - La Liga Santander
Real Madrid v Sevilla - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

1. ടോണി ക്രൂസ് ഐസൊലേഷനിൽ, റയൽ മാഡ്രിഡിന് തിരിച്ചടി

Toni Kroos
Real Madrid v Sevilla - La Liga Santander / Soccrates Images/Getty Images

കോവിഡ് ബാധിതനുമായി നേരിട്ട് സമ്പർക്കമുണ്ടായ റയൽ മാഡ്രിഡ് സൂപ്പർ താരം ടോണി ക്രൂസ് സെൽഫ് ഐസൊലേഷനിൽ. ക്ലബ്ബ് തന്നെയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഈ വാർത്ത പുറത്ത് വിട്ടത്. താരത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നിർബന്ധിത ഐസൊലേഷനിൽ തുടരേണ്ടതുണ്ട്. ലാലീഗയിൽ വരാനിരിക്കുന്ന അതിനിർണായക മത്സരങ്ങളിൽ ക്രൂസ് കളിക്കുന്ന കാര്യവും ഇതോടെ സംശയത്തിലായി.

2. സ്കോട്ടിഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച മാനേജർക്കുള്ള പുരസ്കാരം സ്റ്റീവൻ ജെറാർഡിന്

Steven Gerrard
Rangers v Celtic - Ladbrokes Scottish Premiership / Ian MacNicol/Getty Images

സ്കോട്ടിഷ് പ്രൊഫഷണൽ ഫുട്ബോൾ ലീഗിന്റെ (എസ് പി എഫ് എൽ) ഈ വർഷത്തെ മികച്ച പരിശീലകനുള്ള പുരസ്കാരം മുൻ ലിവർപൂൾ താരവും, റേഞ്ചേഴ്സിന്റെ പരിശീലകനുമായ സ്റ്റീവൻ ജെറാർഡിന്. 2020-21 സീസണിൽ റേഞ്ചേഴ്സിനെ സ്കോട്ടിഷ് ചാമ്പ്യൻഷിപ്പിൽ കിരീടത്തിലേക്ക് നയിച്ച ജെറാർഡിന് കഴിഞ്ഞയാഴ്ച സ്കോട്ടിഷ് ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റേയും പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചിരുന്നു.

3. പ്രീമിയർ ലീഗിലെ ഏപ്രിൽ മാസത്തെ മികച്ച താരം ജെസി ലിംഗാർഡ്

Jesse Lingard
Burnley v West Ham United - Premier League / Visionhaus/Getty Images

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏപ്രിൽ മാസത്തെ മികച്ച കളികാരനുള്ള പുരസ്കാരം വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ജെസി ലിംഗാർഡിന്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ കളിക്കാൻ വെസ്റ്റ് ഹാമിലെത്തിയത് മുതൽ മിന്നും ഫോമിലുള്ള ലിംഗാർഡ്, പ്രീമിയർ ലീഗിലെ പോയ മാസത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരവും ഇതിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്‌. വോൾവ്സിനെതിരായ മത്സരത്തിൽ നേടിയ തകർപ്പൻ ഗോളാണ് ഈ പുരസ്കാരത്തിന് താരത്തെ അർഹനാക്കിയത്.

4. യൂറോകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്ത്

UEFA EURO 2020 Launch Event
UEFA EURO 2020 Launch Event / Dan Istitene/Getty Images

അടുത്ത മാസം ഇറ്റലിയിലെ റോമിൽ ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി യുവേഫ. വീ ആർ ദി പീപ്പിൾ എന്ന് പേരിട്ടിരിക്കുന്ന ഗാനം പ്രശസ്ത ഐറിഷ് സംഗീതഞ്ജരായ ബോണോ, എഡ്ജ് എന്നിവരും ലോകപ്രശ്സ്ത ഡിജെ/പ്രൊഡ്യൂസറുമായ മാർട്ടിൻ ഗാരിക്സും ചേർന്നാണ് പുറത്തിറക്കിയത്‌‌. ഇവർ മൂന്ന് പേരുമാണ് ഈ ഗാനത്തിന് പിന്നിലുള്ളതും.

5. പലാസിയോസിന് പരിക്ക്, കോപ്പ അമേരിക്ക നഷ്ടമാകും

Exequiel Palacios
Bolivia v Argentina - South American Qualifiers for Qatar 2022 / Pool/Getty Images

വലത് കാലിൽ പരിക്കേറ്റ അർജന്റൈൻ താരം എസെക്വിൽ പലാസിയോസിന് അടുത്ത മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് നഷ്ടമാകും. ജെർമ്മൻ ക്ലബ്ബായ ലെവർക്യൂസന്റെ താരമായ പലാസിയോസിന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ക്ലബ്ബ് തന്നെയാണ് പുറത്ത് വിട്ടത്‌.

6. മിൻഗ്വേസ ബാഴ്സലോണ ബി ടീമിനായി കളിക്കും

Oscar Mingueza
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images

യുസിഎഎം മുർസിയക്കെതിരെ നടക്കാനിരിക്കുന്ന പ്രൊമോഷൻ പ്ലേ ഓഫ് മത്സരത്തിനുള്ള ബാഴ്സലോണ ബി ‌ടീമിൽ സൂപ്പർ താരം ഓസ്കാർ മിൻഗ്വേസയുണ്ടാകും.‌ റൊണാൾഡ് ആരാജുവോ പരിശീലനം പൂർണമായി പുനരാരംഭിച്ചതോടെയാണ് മിൻഗ്വേസയെ ബി ടീമിനൊപ്പം കളിക്കാനയക്കാൻ ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ തീരുമാനിച്ചത്. നാളെയാണ് മത്സരം.

facebooktwitterreddit