Football in Malayalam

ന്യൂസ് റൗണ്ടപ്പ്: പ്രഥമ കോൺകകാഫ് നേഷൻസ് ലീഗ് കിരീടം അമേരിക്കക്ക്, സ്പാനിഷ് സൂപ്പർ കപ്പ് 2029 വരെ സൗദി അറേബ്യയിൽ

Gokul Manthara
United States v Mexico: Championship - CONCACAF Nations League Finals
United States v Mexico: Championship - CONCACAF Nations League Finals / Jamie Schwaberow/ISI Photos/Getty Images
facebooktwitterreddit

1. കോൺകകാഫ് നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി അമേരിക്ക

Christian Pulisic
United States v Mexico: Championship - CONCACAF Nations League Finals / Omar Vega/Getty Images

പ്രഥമ‌ കോൺകകാഫ് നേഷൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് അമേരിക്ക. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ കരുത്തരായ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്നാണ് അമേരിക്കയുടെ കിരീട ധാരണം. അധിക സമയത്തേക്ക് നീണ്ട മത്സരം ശേഷിക്കാൻ 6 മിനുറ്റുകൾ മാത്രം ശേഷിക്കെ സൂപ്പർ താരം പുലിസിച്ച് നേടിയ പെനാൽറ്റി ഗോളാണ് അമേരിക്കയെ ആദ്യ കോൺകകാഫ് നേഷൻസ് ലീഗിൽ ചാമ്പ്യന്മാരാക്കിയത്.

2. ട്രെന്റ് അലക്സാൻഡർ അർനോൾഡിന് പകരക്കാരനായി ബെൻ വൈറ്റ് ഇംഗ്ലണ്ട് ടീമിലേക്ക്

Ben White
England v Romania - International Friendly / Pool/Getty Images

പരിക്കിനെത്തുടർന്ന് ഇത്തവണത്തെ യൂറോ കപ്പിൽ നിന്ന് പുറത്തായ പ്രതിരോധ സൂപ്പർ താരം ട്രെന്റ് അലക്സാൻഡർ അർനോൾഡിന് പകരക്കാരനായി ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയൺ താരം ബെൻ വൈറ്റിനെ ‌ടീമിൽ ഉൾപ്പെടുത്തി ഇംഗ്ലണ്ട്‌. കഴിഞ്ഞ ദിവസം റൊമാനിയക്കെതിരെ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ 90 മിനിറ്റും കളിച്ച താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു‌. ഈ പ്രകടനത്തിന് പിന്നാലെയാണ് താരത്തിന് യൂറോ കപ്പിനുള്ള ഇംഗ്ലീഷ് ടീമിലേക്ക്‌ വിളി വന്നത്.

3. ബുസ്ക്വെറ്റ്സിന് കോവിഡ്, സ്പെയിന് തിരിച്ചടി

Sergio Busquets
Spain v Portugal - International Friendly / David Ramos/Getty Images

യൂറോ 2020 ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കോവിഡ് പോസിറ്റീവായി സ്പെയിൻ നായകൻ സെർജിയോ ബുസ്ക്വെറ്റ്സ്. ഞായറാഴ്ച നടന്ന പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്ക്വാഡിലെ മറ്റ് താരങ്ങളെല്ലാം കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയെങ്കിലും മുൻ കരുതലെന്ന നിലയിൽ എല്ലാവരെയും ക്വാറന്റൈനിലാക്കി. ഇതോടെ അടുത്ത ദിവസം നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തിൽ തങ്ങളുടെ അണ്ടർ 21 ടീമിനെ കളത്തിലിറക്കാനും സ്പെയിൻ തീരുമാനിച്ചു.

4. സ്പാനിഷ് സൂപ്പർ കപ്പ് 2029 വരെ സൗദി അറേബ്യയിൽ നടക്കും

Real Madrid v FC Barcelona - Supercopa de Espana: 2nd Leg
Real Madrid v FC Barcelona - Supercopa de Espana: 2nd Leg / Quality Sport Images/Getty Images

സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾ 2029 വരെ ഗൾഫ് രാജ്യമായ സൗദി അറേബ്യയിൽ നടക്കും. ഇത് സംബന്ധിച്ച കരാറിൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും, സൗദി അറേബ്യയും തമ്മിൽ ഒപ്പു വെച്ചു. നേരത്തെ 2019 ൽ മൂന്ന്‌ വർഷത്തേക്ക് സൂപ്പർ കപ്പിന്റെ ആതിഥേയത്വം വഹിക്കാനുള്ള കരാറിൽ ഇരു കൂട്ടരും തമ്മിൽ ഒപ്പു വെച്ചിരുന്നു. ഇതാണിപ്പോൾ 8 വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. അടുത്ത സ്പാനിഷ് സൂപ്പർ കപ്പിലെ സെമി ഫൈനലുകളിലൊന്ന് റയൽ മാഡ്രിഡും, ബാഴ്സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടമായതിനാൽ ഗൾഫിലെ ഫുട്ബോൾ പ്രേമികൾക്കെല്ലാം വലിയ ആവേശം സമ്മാനിക്കുന്ന കാര്യം കൂടിയാണിത്.

5. ബ്ലാസ്റ്റേഴ്സിൽ അഴിച്ചു പണി തുടരുന്നു, 3 താരങ്ങൾ കൂടി ക്ലബ്ബ് വിട്ടു

2021-22 സീസണ് മുന്നോടിയായി ടീമിൽ നടത്തുന്ന അഴിച്ചു പണി തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ലാൽ റുവാത്താര ക്ലബ്ബ് വിട്ട കാര്യം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ക്ലബ്ബ് ഇന്നലെ മൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ക്ലബ്ബിൽ നിന്ന് പോകുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുവ താരങ്ങളായ രോഹിത് കുമാർ, റിത്വിക് ദാസ്, ഷായ്ബോർലാംഗ് ഖാർപൻ എന്നീ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഇപ്പോൾ ക്ലബ്ബ് വിട്ടിരിക്കുന്നത്.

facebooktwitterreddit