Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ഇംഗ്ലണ്ടിന്റെ യൂറോ സാധ്യതകളെ കുറിച്ച് മൗറീന്യോ, ഫ്രാൻസ് പരിശീലകസ്ഥാനത്ത് ദെഷാംപ്‌സ് തുടരും

Ali Shibil Roshan
ദിദിയർ ദെഷാംപ്‌സ്
ദിദിയർ ദെഷാംപ്‌സ് / Daniel Mihailescu - Pool/Getty Images
facebooktwitterreddit

1. നെതർലൻഡ്സ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങി ഡി ബോർ

EURO 2020 round of 16"The Netherlands v Czech Republic"
Frank de Boer / ANP Sport/Getty Images

യൂറോ 2020ന്റെ റൗണ്ട്-ഓഫ്-16ൽ നെതർലൻഡ്സ് പുറത്തായതിന് പിന്നാലെ ദേശിയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങി ഫ്രാങ്ക് ഡി ബോർ. 2020 സെപ്റ്റംബറിൽ നെതർലൻഡ്സ് പരിശീലകനായി നിയമിക്കപ്പെട്ട ഡി ബോറിന് 2022ന്റെ അവസാനം വരെയായിരുന്നു ടീമുമായി കരാർ ഉണ്ടായിരുന്നത്.

2. ഫ്രാൻസ് പരിശീലകസ്ഥാനത്ത് ദെഷാംപ്‌സ് തുടരുമെന്ന് റിപ്പോർട്ട്

യൂറോ 2020ന്റെ റൗണ്ട്-ഓഫ്-16ൽ സ്വിട്സർലൻഡിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്ന് ഫ്രാൻസ് പുറത്തായെങ്കിലും, ദേശിയ ടീമിന്റെ പരിശീലകസ്ഥാനത്ത് ദിദിയർ ദെഷാംപ്‌സ് തുടരുമെന്ന് ഇഎസ്പിഎൻ.

തന്റെ ഭാവി കാര്യം ഫ്രഞ്ച് എഫ്എയുടെ തലവനായ നോയൽ ലെ ഗ്രെറ്റുമായി അടുത്ത ആഴ്ച ദെഷാംപ്‌സ് ചർച്ചചെയ്യുമെന്നും, പരിശീലകസ്ഥാനത്ത് തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ഇഎസ്പിഎൻ പറയുന്നു.

3. ഒരു മേജർ ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് ഗോളുകളും നേടുന്ന രണ്ടാമത്തെ താരമായി റഹീം സ്റ്റെർലിങ്

Raheem Sterling, Jack Grealish, Luke Shaw
റഹീം സ്റ്റെർലിങ് / Marc Atkins/Getty Images

ജർമനിക്കെതിരെ 2-0ത്തിന്റെ വിജയം കരസ്ഥമാക്കിയ മത്സരത്തിൽ, ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടിയത് റഹീം സ്റ്റെർലിംഗായിരുന്നു. യൂറോ 2020ലെ ഇംഗ്ലണ്ടിന്റെയും താരത്തിന്റെയും മൂന്നാം ഗോളായിരുന്നു അത്. ഇതോടെ, ഒരു മേജർ ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് ഗോളുകളും നേടുന്ന രണ്ടാമത്തെ താരമായി സ്റ്റെർലിങ് മാറി. 1986 വേൾഡ് കപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് ഗോളുകളും നേടിയ ഗാരി ലിനേക്കറാണ് ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ താരം.

4. ഇംഗ്ലണ്ട് യൂറോ 2020ന്റെ ഫൈനലിൽ എത്തിയില്ലെങ്കിൽ താൻ നിരാശനാവുമെന്ന് മൗറീന്യോ

Jose Mourinho
ജോസെ മൗറീന്യോ / Clive Brunskill/Getty Images

യൂറോ 2020ന്റെ ക്വാർട്ടർ ഫൈനലിലും, സെമി ഫൈനലിലും ഇംഗ്ലണ്ട് നേരിടാൻ സാധ്യതയുള്ള നാല് ടീമുകൾക്കെതിരെയും അവർ തോൽക്കുന്നതായി താൻ കാണുന്നില്ലെന്ന് ജോസെ മൗറീന്യോ. എന്നാൽ, ഫുട്ബോളിനെ ബഹുമാനിക്കണമെന്നും, ഗെയിമിനെ ബഹുമാനിക്കാത്തത് കൊണ്ടാണ് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ ഇല്ലാത്തതെന്നും മൗറീന്യോ ഓർമപ്പെടുത്തി. ഇംഗ്ലണ്ട് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയില്ലെങ്കിൽ താൻ നിരാശനാവുമെന്നും പോർച്ചുഗീസ് പരിശീലകൻ കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit