Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ഡെംബലെ യൂറോ കപ്പിൽ നിന്ന് പുറത്ത്, തോമസ് മുള്ളർ ഹംഗറിക്കെതിരെ കളിച്ചേക്കില്ല

Gokul Manthara
France v Bulgaria - International Friendly
France v Bulgaria - International Friendly / Aurelien Meunier/Getty Images
facebooktwitterreddit

1. പരിക്ക്, ഡെംബലെ യൂറോ കപ്പിൽ നിന്ന് പുറത്ത്

Ousmane Dembele
France v Bulgaria - International Friendly / Aurelien Meunier/Getty Images

കാൽമുട്ടിന് പരിക്കേറ്റ ഫ്രഞ്ച് സൂപ്പർ താരം ഔസ്മാൻ ഡെംബലെ യൂറോ 2020 ൽ നിന്ന് പുറത്ത്. ഇന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. നേരത്തെ ഹംഗറിക്കെതിരെ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി കളിക്കാനിറങ്ങിയ താരത്തിന് കളിയുടെ 87-ം മിനുറ്റിൽ പരിക്കിനെത്തുടർന്ന് കളിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നിരുന്നു‌. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഡെംബലെയുടെ പരിക്കിന്റെ ഗൗരവം മനസിലായതും യൂറോ 2020 ൽ നിന്ന് പിന്മാറാൻ അദ്ദേഹം നിർബന്ധിതനായതും.

2. ഹംഗറിക്കെതിരായ മത്സരത്തിൽ തോമസ് മുള്ളർ കളിച്ചേക്കില്ല, ജെർമ്മനിക്ക് തിരിച്ചടി

Thomas Muller
Portugal v Germany - UEFA Euro 2020 Group F / BSR Agency/Getty Images

കാൽമുട്ടിന് പരിക്കേറ്റ ജെർമ്മൻ സൂപ്പർ താരം തോമസ് മുള്ളർക്ക്, ഹംഗറിക്കെതിരെ നടക്കാനിരിക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിക്കാനായേക്കില്ലെന്ന് റിപ്പോർട്ട്. ജെർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്‌. ജെർമ്മനി നോക്കൗട്ടിലേക്ക് കടന്നാൽ ടീമിന്റെ പ്രീക്വാർട്ടർ മത്സരവും മുള്ളർക്ക് നഷ്ടമാകാനിടയുണ്ടെന്ന് ജെർമ്മൻ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്‌. ജെർമ്മൻ ടീമിനും ആരാധകർക്കും വലിയ ആശങ്ക സമ്മാനിക്കുന്ന വാർത്തയാണിത്.

3. മുൻ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കൂന, ഇനി പോളിഷ് ക്ലബ്ബിനെ കളി പഠിപ്പിക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന കിബു വിക്കൂന, പോളിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എൽ കെ എസ് ലോഡ്സിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു‌. തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിക്കൂന‌ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റെടുത്ത വിക്കൂന ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് സീസണിന്റെ അവസാന ഘട്ടമെത്തിയപ്പോൾ ക്ലബ്ബുമായി വേർപിരിയുകയായിരുന്നു‌.

4. ഗിൽമോറിന് കോവിഡ് സ്ഥിരീകരിച്ചു, ക്രൊയേഷ്യക്കെതിരെ കളിക്കില്ല

Billy Gilmour
England v Scotland - UEFA Euro 2020: Group D / Robbie Jay Barratt - AMA/Getty Images

കോവിഡ് സ്ഥിരീകരിച്ച സ്കോട്ലൻഡ് മധ്യനിര താരം ബില്ലി ഗിൽമോറിന് യൂറോ 2020 ലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ കളിക്കാനാവില്ല. നേരത്തെ ഇംഗ്ലണ്ടിനെതിരെ ടീം ഗോൾ രഹിത സമനില നേടിയ മത്സരത്തിൽ ഉജ്ജ്വല പ്രകടനമായിരുന്നു ഗിൽമോറിന്റേത്. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് 10 ദിവസ ഐസൊലേഷനിൽ പ്രവേശിച്ചു കഴിഞ്ഞതിനാൽ ഗിൽമോറിന്റെ യൂറോ 2020 യാത്രക്കും ഏറെക്കുറെ അവസാനമായിട്ടുണ്ട്.

5. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറെന്ന് ഹാരി കെയിനെ വിശേഷിപ്പിച്ച് ലൂക്ക് ഷോ

Harry Kane - Soccer Player
England v Scotland - UEFA Euro 2020: Group D / Visionhaus/Getty Images


ഇംഗ്ലണ്ട് നായകൻ ഹാരി കെയിനെ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറെന്ന് വിശേഷിപ്പിച്ച് ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായ ലൂക്ക് ഷോ. യൂറോ 2020 ൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലാത്ത കെയിൻ അതിന്റെ പേരിൽ പലയിടത്ത് നിന്നും വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന് പിന്തുണയുമായി ഷോ രംഗത്തെത്തിയിരിക്കുന്നത്. കെയിൻ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറാണെന്ന് പറയുന്ന ഷോ, ഇംഗ്ല‌ണ്ട് ടീമിന്റെ പ്രധാന കളികാരനാണ് അദ്ദേഹമെന്നും, ഫോമിലാണെങ്കിലും അല്ലെങ്കിലും അദ്ദേഹം ടീമിന്റെ നിർണായക താരമാണെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit