Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ഐ എസ് എല്ലിൽ നിർണായക മാറ്റമെത്തുന്നു, 6 താരങ്ങളെ പരിശീലന ബബിളിൽ ഉൾപ്പെടുത്തി സ്പെയിൻ

Gokul Manthara
Netherlands v Spain - International Friendly
Netherlands v Spain - International Friendly / Dean Mouhtaropoulos/Getty Images
facebooktwitterreddit

1. ഐ എസ് എല്ലിൽ പ്രധാന മാറ്റം, ഇനി മുതൽ പ്ലേയിംഗ് ഇലവനിൽ 4 വിദേശ താരങ്ങൾ മാത്രം

ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറക്കാനുള്ള തീരുമാനമെടുത്ത് ടൂർണമെന്റിന്റെ നടത്തിപ്പുകാരായ എഫ് എസ് ഡി എൽ. വരും സീസൺ മുതൽ ഒരു മത്സരത്തിൽ ഒരേ സമയം ഗ്രൗണ്ടിലിറക്കാൻ കഴിയുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണം 4 ആക്കി കുറച്ചു. ഇത്രയും നാൾ ഇത് 5 ആയിരുന്നു. എ എഫ് സിയുടെ ക്ലബ്ബ് മത്സര ചട്ട പ്രകാരമാണ് പ്ലേയിംഗ് ഇലവനിലെ പരമാവധി വിദേശ കളികാരുടെ എണ്ണം നാലാക്കി കുറക്കാനുള്ള തീരുമാനം എഫ് എസ് ഡി എൽ കൈക്കൊണ്ടത് ഇതിന് പുറമേ ക്ലബ്ബുകൾക്ക് ഒരു‌ സീസണിൽ ടീമിലുൾപ്പെടുത്താൻ കഴിയുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണം ഏഴിൽ നിന്ന് ആറാക്കി കുറക്കാനും എഫ് എസ് ഡി എൽ തീരുമാനമെടുത്തിട്ടുണ്ട്.

2. 6 താരങ്ങളെ പരിശീലന ബബിളിലേക്ക് വിളിച്ച് സ്പെയിൻ

Norway v Spain - UEFA Euro 2020 Qualifier
Norway v Spain - UEFA Euro 2020 Qualifier / Trond Tandberg/Getty Images

നായകൻ സെർജിയോ ബുസ്ക്വറ്റ്സ് കോവിഡ് ബാധിതനായതിന് പിന്നാലെ 6 താരങ്ങളെ തങ്ങളുടെ പരിശീലന ബബിളിലേക്ക് വിളിച്ച് സ്പെയിൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ യൂറോകപ്പിനുള്ള ‌ടീമിലുള്ള ആർക്കെങ്കിലും കളിക്കാൻ പറ്റാതെ വരുന്ന സാഹചര്യമുണ്ടായാൽ പകരം ഈ താരങ്ങളിൽ നിന്നാകും ടീം പകരക്കാരെ തീരുമാനിക്കുക. കെപ്പ അരിസാബലാഗ, റോഡ്രിഗോ മൊറേനോ, പാബ്ലോ ഫോർനൽസ്, കാർലോസ് സോളർ, ബ്രയിസ് മെൻഡിസ്, റൗൾ ആൽബിയോൾ എന്നിവരാണ് ഇപ്പോൾ പരിശീലന ബബിളിലേക്ക് വിളി വന്നിരിക്കുന്ന കളികാർ.

3. വാൻ ഡി ബീക്കിന് യൂറോ നഷ്ടമാകും; നെതർലൻഡ്സിന് കനത്ത തിരിച്ചടി

Donny van de Beek
Netherlands v Northern Ireland - UEFA Euro 2020 Qualifier / Dean Mouhtaropoulos/Getty Images

പരിക്കിൽ നിന്ന് മോചിതനാവാൻ കാലതാമസമെടുക്കുമെന്ന് വ്യക്തമായ യുവ സൂപ്പർ താരം വാൻ ഡി ബീക്കിന് ഈ വർഷത്തെ യൂറോ കപ്പ് നഷ്ടമാകും. താരത്തെ ടീമിൽ നിന്നൊഴിവാക്കുന്ന കാര്യം ഡച്ച് ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്. അതേ സമയം വാൻ ഡി ബീക്കിന് പകരക്കാരായി ആരെയും യൂറോ സ്ക്വാഡിൽ ഉൾപ്പെടുത്തില്ലെന്ന തീരുമാനവും അവർ കൈക്കൊണ്ടു. ഇതോടെ 25 അംഗ‌ സ്ക്വാഡുമായാകും ഡച്ച് പട ഇക്കുറി യൂറോ കപ്പിൽ കളിക്കുക എന്നുറപ്പായി‌.

4. അർട്ടേറ്റ വരും വർഷങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിലൊരാളാകുമെന്ന് ഡാനി സെബയ്യോസ്

Mikel Arteta, Dani Ceballos
Arsenal FC v Everton FC - Premier League / Catherine Ivill/Getty Images

ആഴ്സനൽ പരിശീലകനായ മൈക്കൽ അർട്ടേറ്റ, വരും വർഷങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിലൊരാളാകുമെന്ന് സ്പാനിഷ് സൂപ്പർ താരം ഡാനി സെബയ്യോസ്. റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ കളിക്കാൻ ആഴ്സനലിലെത്തി, അവിടെ അർട്ടേറ്റയുടെ പ്രിയ താരങ്ങളിലൊരാളായി മാറിയ സെബയ്യോസ് കഴിഞ്ഞ ദിവസം 'കഡേന സെർ' നോട് സംസാരിക്കവെയായിരുന്നു ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്പാനിഷ് മാധ്യമത്തോട് സംസാരിക്കവെ അർട്ടേറ്റയെ പ്രശംസിച്ച സെബയ്യോസ്, ലാലീഗയിലേക്ക് തിരിച്ചു വരാനുള്ള തന്റെ ആഗ്രഹവും ഇതിനൊപ്പം വ്യക്തമാക്കി.

5. ട്രാൻസ്ഫർ വിലക്ക് വിവാദത്തിൽ ഔദ്യോഗിക പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് പ്രതിഫലം മുഴുവൻ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ താരം മറ്റേജ്‌ പൊപ്ലാറ്റ്നിക്ക് നൽകിയ പരാതിയിൽ ക്ലബ്ബിനെതിരെ ഫിഫ ട്രാൻസ്ഫർ വിലക്ക് വിധിച്ചത് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു‌‌. എന്നാൽ പ്രതിഫലക്കുടിശിക തീർത്താൽ ഈ ട്രാൻസ്ഫർ വിലക്കിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് പുറത്തു കടക്കാമെന്നും ഇതിനായുള്ള നടപടികൾ ക്ലബ്ബ് സ്വീകരിച്ചെന്നും പിന്നാലെ റിപ്പോർട്ടുകൾ വന്നു. ഇന്നലെ വൈകിട്ട് സംഭവത്തിൽ ഔദ്യോഗിക പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി. 'കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ നിരോധനം മാനിച്ച്, അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് കഴിയും. യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ്ബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്‌മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരു തരത്തിലും ബാധിക്കില്ലെന്ന് എല്ലാ ആരാധകര്‍ക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉറപ്പ് നല്‍കുന്നു.' സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്താവനയിൽ ക്ലബ്ബ് വ്യക്തമാക്കി.

facebooktwitterreddit