ഉംറ്റിറ്റിയെ വിൽക്കാൻ ബാഴ്‌സലോണക്ക് അവസരം, മികച്ച തുക വാഗ്‌ദാനം ചെയ്‌ത് ന്യൂകാസിൽ യുണൈറ്റഡ്
By Sreejith N

ഫ്രഞ്ച് പ്രതിരോധ താരമായ സാമുവൽ ഉംറ്റിറ്റിയെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വിൽക്കാൻ ബാഴ്‌സലോണക്ക് അവസരമൊരുങ്ങുന്നു. താരത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ ശക്തികളാവാൻ തയ്യാറെടുക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് രംഗത്തു വന്നിട്ടുണ്ടെന്നാണ് സ്‌പാനിഷ് മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നത്. പതിനേഴു മില്യൺ യൂറോ അവർ ഓഫർ ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി ന്യൂകാസിൽ യുണൈറ്റഡ് മാറിയിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിലെ അവസാന സ്ഥാനങ്ങളിലുള്ള അവർ അതിൽ നിന്നും മുന്നോട്ടു വന്ന് സ്ഥാനം ഭദ്രമാക്കാൻ വേണ്ടിയാണ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിന്റെ ഭാഗമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
Barcelona are keen to sell the Frenchman.https://t.co/3L7Ymik4do
— MARCA in English (@MARCAinENGLISH) December 29, 2021
അതേസമയം ബാഴ്‌സലോണ കഴിഞ്ഞ ഏതാനും ട്രാൻസ്‌ഫർ ജാലകങ്ങളിലായി ഒഴിവാക്കാൻ ശ്രമിക്കുന്ന കളിക്കാരനാണ് സാമുവൽ ഉംറ്റിറ്റി. എന്നാൽ ക്ലബിനൊപ്പം അവസരങ്ങൾ വളരെ കുറവാണ് എങ്കിലും ബാഴ്‌സലോണയിൽ തന്നെ തുടർന്ന് തന്റെ സ്ഥാനം നേടിയെടുക്കാൻ വേണ്ടി പൊരുതുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് ടീം വിടാനുള്ള ഓഫറുകളൊന്നും താരം പരിഗണിച്ചില്ല.
എന്നാൽ പുതിയ പരിശീലകനായ എഡ്ഡീ ഹോവെയുടെ കീഴിൽ മെച്ചപ്പെട്ടു വരുന്ന ന്യൂകാസിൽ യുണൈറ്റഡ് മികച്ച ഓഫർ നൽകി താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. 2018 ലോകകപ്പ് കിരീടം നേടിയ ഫ്രാൻസ് ടീമിലെ പ്രധാന താരമായിരുന്ന ഉംറ്റിറ്റിയെ തങ്ങളുടെ പ്രധാന കളിക്കാരിൽ ഒരാളാക്കി ക്ലബിനെ വളർത്തിയെടുക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
അതേസമയം പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക, ഇറ്റാലിയൻ ക്ലബായ എസി മിലാൻ എന്നിവരും ഉംറ്റിറ്റിക്കു വേണ്ടി രംഗത്തു വന്നിട്ടുണ്ട്. ന്യൂകാസിലിനെ അപേക്ഷിച്ച് കുറേക്കൂടി ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ ഈ ടീമുകൾക്ക് നൽകാൻ കഴിയും എന്നതിനാൽ താരം ഇവരെ തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.