മൂന്ന് പരിശീലകരുമായി അഭിമുഖം നടത്തി, പുതിയ പരിശീലകനെ കണ്ടെത്താൻ ന്യൂകാസിൽ യുണൈറ്റഡ് തിരക്കു പിടിച്ച നീക്കത്തിൽ

By Gokul Manthara
UC Sampdoria v AS Roma - Serie A
UC Sampdoria v AS Roma - Serie A / Jonathan Moscrop/GettyImages
facebooktwitterreddit

സൗദി അറേബ്യൻ കൺസോർഷ്യം ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത‌തോടെ സ്റ്റീവ് ബ്രൂസ് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു. ഇന്നാകട്ടെ സ്റ്റീവ് ബ്രൂസ് പരസ്പര ധാരണയോടെ ക്ലബ്ബിന്റെ പരിശീലക‌ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയെന്ന വിവരം ന്യൂകാസിൽ യുണൈറ്റഡ് തന്നെ പുറത്ത് വിട്ടു. സ്റ്റീവ് ബ്രൂസിന് പകരക്കാരനെ കണ്ടെത്താൻ നേരത്തെ തന്നെ നീക്കങ്ങൾ ആരംഭിച്ചിരുന്ന ന്യൂകാസിൽ ഇപ്പോൾ അതിനായുള്ള നീക്കങ്ങൾ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്.

പ്രധനമായും എഡി ഹോവ്, ലൂസിയാൻ ഫാവ്രെ, പൗളോ ഫോൻസെക്ക എന്നിവരുടെ പേരുകളാണ് ന്യൂകാസിലിന്റെ പരിശീലക സ്ഥാനത്തേക്ക് നിലവിൽ പറഞ്ഞു കേൾക്കുന്നത്. ഇപ്പോളിതാ ചൊവ്വാഴ്ച ഈ മൂന്ന് പേരുമായും ക്ലബ്ബ് അഭിമുഖം നടത്തിയെന്നും, ബുധനാഴ്ച ഈ മൂന്ന് പേരുമായും കൂടുതൽ ചർച്ചകൾ അവർ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും 90Minന് വിവരം ലഭിച്ചിരിക്കുന്നു. മേൽപ്പറഞ്ഞ മൂന്ന് പേരിലൊരാൾ സ്റ്റീവ് ബ്രൂസിന് പകരക്കാരനായി ന്യൂകാസിലിന്റെ പരിശീലകനാകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

മുൻപ് എ എസ് റോമ, എഫ് സി പോർട്ടോ എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള പൗളോ ഫോൻസെക്കയാണ് ന്യൂകാസിന്റെ പരിശീലക സ്ഥാനത്തേക്ക് നിലവിൽ ഫേവറിറ്റെന്നാണ് കരുതപ്പെടുന്നത്. എന്നാൽ മുൻ എ എഫ് സി ബേൺമൗത്ത് പരിശീലകനായ എഡി ഹോവും, മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകൻ ലൂസിയൻ ഫാവ്രെയും ഇപ്പോളും അഭിമുഖ പ്രക്രിയയുടെ‌ ഭാഗമാണ്.

അതേ സമയം സ്റ്റീവ് ബ്രൂസിന് പകരക്കാരനെ ഉടൻ തന്നെ കണ്ടെത്തിയാലും ഈയാഴ്ച നടക്കാനിരിക്കുന്ന പ്രീമിയർ മത്സരത്തിൽ അവരെ നിയന്ത്രിക്കുക ക്ലബ്ബിന്റെ താൽക്കാലിക പരിശീലകനായ ഗ്രെയിം ജോൺസാകുമെന്നാണ് ക്ലബ്ബുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. പ്രീമിയർ ലീഗിൽ നിലവിൽ പത്തൊൻപതാം സ്ഥാനത്ത് നിൽക്കുന്ന ന്യൂകാസിലിന് ഈ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് എതിരാളികൾ.

facebooktwitterreddit