ബാഴ്സലോണ സൂപ്പർ താരത്തെ നോട്ടമിട്ട് ന്യൂകാസിലിന്റെ പുതിയ ഉടമകൾ; താരവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞതായി സൂചന

ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ടീമിലേക്ക് കൊണ്ടു വരാൻ ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ ഉടമസ്ഥരായ സൗദി അറേബ്യൻ കൺസോർഷ്യം താല്പര്യപ്പെടുന്നുണ്ടെന്നും കരാർ കാര്യത്തിൽ താരവുമായി അവർ ചർച്ചകൾ നടത്തിക്കഴിഞ്ഞതായും റിപ്പോർട്ട്. സൗദി അറേബ്യൻ ഉടമസ്ഥരെത്തിയതോടെ പ്രീമിയർ ലീഗിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയ ന്യൂകാസിൽ യുണൈറ്റഡ് ഭാവിയിൽ സൂപ്പർ സൈനിംഗുകൾ നടത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ കുട്ടീഞ്ഞോയെ അവർ നോട്ടമിട്ടിരിക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നത്.
ന്യൂകാസിൽ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരികളും കൈവശമുള്ള സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇക്കഴിഞ്ഞ സമ്മറിൽ ഫിലിപ്പ് കുട്ടീഞ്ഞോയുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ന്യൂകാസിലിനെ ഏറ്റെടുക്കുന്നതിനുള്ള അവരുടെ ബിഡ് പൂർത്തിയാകാതിരുന്നതിനാൽ താരത്തെ ഇക്കുറി ടീമിലേക്ക് കൊണ്ടു വരാനുള്ള അവസരം അവർക്ക് ലഭിച്ചില്ല. എന്നാൽ ഇപ്പോൾ ന്യൂകാസിലിനെ ഔദ്യോഗികമായി ഏറ്റെടുത്തു കഴിഞ്ഞതോടെ കുട്ടീഞ്ഞോക്ക് വേണ്ടിയുള്ള നീക്കങ്ങൾ സൗദി കൺസോർഷ്യം ശക്തമാക്കുമെന്നാണ് സൂചനകൾ.
Philippe Coutinho is already attracting interest from Newcastle United's new Saudi owners, who prepare a multi-million dollar investment after takeover ?
— VBET News (@VBETnews) October 8, 2021
[sport] pic.twitter.com/0oBO97Kb5t
നിലവിൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ താരമായ കുട്ടീഞ്ഞോയും പ്രീമിയർ ലീഗിലേക്ക് തിരിച്ചു പോകാനുള്ള അവസരത്തെ സ്വാഗതം ചെയ്യുമെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട് ചൂണ്ടിക്കാട്ടുന്നത്. ബാഴ്സലോണയിലേക്ക് വരുന്നതിന് മുന്നേ, 2013-2018 കാലഘട്ടത്തിൽ ലിവർപൂളിന്റെ താരമായിരുന്ന കുട്ടീഞ്ഞോക്ക് തകർപ്പൻ റെക്കോർഡാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലുള്ളത്.
ലിവർപൂളിൽ മിന്നും ഫോമിൽ കളിച്ചു കൊണ്ടിരുന്ന കുട്ടീഞ്ഞോക്ക് 2018 ൽ ബാഴ്സലോണയിലെത്തിയതിന് ശേഷം തന്റെ ഫോം തുടരാനായില്ല. ഫോം മോശമായതോടെ ക്ലബ്ബിൽ അവസരങ്ങളും കുറഞ്ഞ താരത്തെ നിലവിൽ ഒരു റൊട്ടേഷൻ ഓപ്ഷനായാണ് പരിശീലകൻ റൊണാൾഡ് കൂമാൻ ക്ലബ്ബിൽ ഉപയോഗിക്കുന്നത്. ലാലീഗയിൽ ഇക്കുറി ബാഴ്സലോണ കളിച്ച 7 മത്സരങ്ങളിൽ ആകെ മൂന്നെണ്ണത്തിൽ മാത്രമാണ് ബ്രസീലിയൻ താരത്തിന് സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം ലഭിച്ചത്.