ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ബഡ്ജറ്റ് എത്രയായിരിക്കുമെന്ന സൂചനകൾ പുറത്ത്

സൗദി അറേബ്യൻ കൺസോർഷ്യം ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ പ്രീമിയർ ലീഗിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയിരിക്കുകയാണ് ന്യൂകാസിൽ യുണൈറ്റഡ്. സാമ്പത്തികപരമായ പ്രതിസന്ധികൾ അവസാനിച്ച ക്ലബ്ബ് വരാനിരിക്കുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ കുറച്ച് താരങ്ങളെയെത്തിച്ച് സ്ക്വാഡിനെ ശക്തമാക്കാനുള്ള പദ്ധതികളിലാണെന്ന കാര്യം വ്യക്തമാണ്. അതിനായി വൻ തുക അവർ ചിലവഴിക്കുമെന്നാണ് കരുതപ്പെടുന്നതും.
എന്നാൽ അതിനിടെ ഇപ്പോളിതാ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ബഡ്ജറ്റ് പ്രതീക്ഷിച്ചിരുന്നതിലും വളരെ കുറവായിരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. ന്യൂകാസിൽ ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന കാര്യമാണിത്.
സൗദി അറേബ്യൻ കൺസോർഷ്യം ഉടമസ്ഥരായെത്തിയതിന് ശേഷമുള്ള ആദ്യ ട്രാൻസ്ഫർ ജാലകത്തിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ബഡ്ജറ്റ് 50 മില്ല്യൺ പൗണ്ടായിരിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂകാസിൽ ആരാധകർ വിചാരിച്ചിരുന്നതിലും ആഗ്രഹിച്ചിരുന്നതിലും വളരെ കുറഞ്ഞ തുകയാണ് ഇത്. ഫിനാൻഷ്യൽ ഫെയർപ്ലേ നിലവിലുള്ളതിനാൽ ക്ലബ്ബുകൾക്ക് താരങ്ങളെ സ്വന്തമാക്കുന്നതിന് ചിലവഴിക്കാൻ കഴിയുന്ന തുകക്ക് പരിധിയുണ്ടെങ്കിലും വേണമെങ്കിൽ 190 മില്ല്യൺ പൗണ്ട് ചിലവഴിക്കാൻ ന്യൂകാസിലിന് കഴിയുമായിരുന്നു. എന്നാൽ അതിലും വളരെ കുറഞ്ഞ തുകയാണ് അവർ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ചിലവഴിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
അതേ സമയം ലോക ഫുട്ബോളിലെ പല സൂപ്പർ താരങ്ങളുടേയും പേരുകൾ ന്യൂകാസിൽ യുണൈറ്റഡുമായി ബന്ധപ്പെടുത്തി ഇപ്പോൾ പറഞ്ഞു കേൾക്കുന്നുണ്ട്. ഫിലിപ് കുട്ടീഞ്ഞോ, ആരോൺ റംസി, ജെസി ലിംഗാർഡ് എന്നിവർ അതിൽ ചിലത് മാത്രം. ഇതിൽ ആരെയൊക്കെയാവും ക്ലബ്ബ് ജനുവരിയിൽ സ്വന്തമാക്കുക എന്നത് കണ്ടു തന്നെ അറിയണം.