മാര്‍ക്കോ അസെന്‍സിയോയെ സ്വന്തമാക്കാനായി ന്യൂകാസിൽ യുണൈറ്റഡും രംഗത്ത്

റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം മാർക്കോ അസെൻസിയോയെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡും രംഗത്തുള്ളതായി റിപ്പോര്‍ട്ട്.
നേരത്തെ പ്രീമിയര്‍ ലീഗ് കരുത്തന്മാരായ ലിവര്‍പൂള്‍, ആഴ്സനല്‍, ഇറ്റാലിയന്‍ ശക്തികളായ എ.സി മിലാന് തുടങ്ങിയ ക്ലബുകളെയും അസെന്‍സിയോയെയും ചേർത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതിനിടയിലേക്കാണ് താരത്തിന് വേണ്ടി നീക്കം നടത്താന്‍ ന്യൂകാസിലും രംഗപ്രവേശനം ചെയ്തിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ എ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതിയ ഉടമകള്‍ ഏറ്റെടുത്തതിന് ശേഷം ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് അസെൻസിയോയെ ടീമിലെത്തിക്കാനും, തങ്ങളുടെ പ്രോജക്ടിന്റെ പ്രധാനഭാഗമാക്കാനും ആഗ്രഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരിശീലകന് എഡി ഹൗവക്ക് കീഴില്‍ നിലവിൽ വലിയ മാറ്റങ്ങളാണ് ന്യൂകാസിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാത്രം 90 മില്യന്‍ പൗണ്ടായിരുന്നു ന്യൂകാസില്‍ പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ചിലവഴിച്ചത്.
ബ്രൂണോ ഗ്വിമാറെസ് (40 മില്യൺ പൗണ്ട്), ക്രിസ് വുഡ് (25 മില്യൺ പൗണ്ട്), ഡാന്‍ ബേണ്‍ (13 മില്യൺ പൗണ്ട്), കീറന്‍ ട്രിപ്പിയര്‍ (12 മില്യൺ പൗണ്ട്) എന്നിങ്ങനെയായിരുന്നു ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ന്യൂകാസില്‍ ചിലവഴിച്ച തുക. അടുത്ത സീസണിലേക്കും ടീമില്‍ കാര്യമായ അഴിച്ചുപണി നടത്തി കൂടുതല്‍ താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡ്.
റയൽ മാഡ്രിഡിൽ ഒരു വർഷം കൂടി കരാർ ബാക്കിയുള്ള അസെൻസിയോക്ക് സ്പാനിഷ് ക്ലബ് ഇത് വരെ കരാർ നീട്ടാനുള്ള ഓഫർ നൽകിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ തുടരുകയാണെങ്കിൽ അടുത്ത സീസണോടെ അസെന്‍സിയോ ഫ്രീ ഏജന്റാകും. അതിനാല്‍ ഈ സീസണില്‍ തന്നെ താരത്തെ വില്ക്കാൻ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസിന് താത്പര്യമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.