ചെൽസി താരം അന്റോണിയോ റുഡിഗറിനെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ്

Newcastle United Want Antonio Rudiger
Newcastle United Want Antonio Rudiger / Robin Jones/GettyImages
facebooktwitterreddit

ഈ സീസണോടെ കരാർ അവസാനിക്കുന്ന ചെൽസി പ്രതിരോധ താരം അന്റോണിയോ റുഡിഗറെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തികളായ ന്യൂകാസിൽ യുണൈറ്റഡും രംഗത്ത്. ജൂണിൽ കരാർ അവസാനിക്കുന്ന ജർമൻ താരത്തെ വമ്പൻ ഓഫർ നൽകി സെയിന്റ് ജെയിംസ് പാർക്കിൽ എത്തിക്കാൻ കഴിയുമെന്നാണ് ന്യൂകാസിൽ യുണൈറ്റഡ് പ്രതീക്ഷിക്കുന്നതെന്ന് മാർക്ക വെളിപ്പെടുത്തുന്നു.

ഈ സീസണിനിടയിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതോടെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബായി ന്യൂകാസിൽ യുണൈറ്റഡ് മാറിയിരുന്നു. അതിനു ശേഷം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയുടെ സൈനിങായ ബ്രൂണോ ഗുയ്മെറാസ് അടക്കം ഏതാനും മികച്ച താരങ്ങളെ സ്വന്തമാക്കി പ്രീമിയർ ലീഗിൽ നിലനിൽക്കാനുള്ള പദ്ധതികളും അവർ നടപ്പിലാക്കി.

യൂറോപ്പിലെ ഏറ്റവും വലിയ ശക്തികളിലൊന്നായി ന്യൂകാസിൽ യുണൈറ്റഡിനെ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ് പടിപടിയായി നടത്താൻ പോകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അന്റോണിയോ റുഡിഗർക്കു വേണ്ടിയും ക്ലബ് ശ്രമം നടത്തുന്നത്. താരം ചെൽസിയോട് ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ അവർക്കു കഴിയുമെന്നതിലും യാതൊരു സംശയവുമില്ല.

കഴിഞ്ഞ സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച റുഡിഗർ തന്റെ പ്രകടനത്തിന് അനുസൃതമായ പ്രതിഫലം ആവശ്യപ്പെട്ടാണ് ചെൽസിയുമായി കരാർ പുതുക്കാൻ വൈകിപ്പിക്കുന്നത്. ചെൽസി ഈ ആവശ്യം അംഗീകരിച്ചാൽ താരം ക്ലബിനൊപ്പം തുടരുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ന്യൂകാസിലിനു പുറമെ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവരും റുഡിഗറിനായി രംഗത്തുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.