ഇറ്റലിയിലെ വമ്പൻ ക്ലബുകൾക്ക് ഭീഷണിയായി ന്യൂകാസിൽ, നോട്ടമിട്ടിരിക്കുന്നത് പ്രധാന താരങ്ങളെ

Sreejith N
FBL-ENG-PR-NEWCASTLE-BRITAIN-SAUDI-RIGHTS
FBL-ENG-PR-NEWCASTLE-BRITAIN-SAUDI-RIGHTS / OLI SCARFF/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യ സ്വന്തമാക്കിയത് സമീപകാലത്ത് ഫുട്ബോൾ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ വാർത്തകളിൽ ഒന്നായിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബെന്ന നേട്ടം സ്വന്തമാക്കിയ ന്യൂകാസിൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ അഴിച്ചു പണിയാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കയാണ്.

അതേസമയം പ്രീമിയർ ലീഗിന്റെ മുൻനിരയിലേക്ക് തിരിച്ചെത്താനുള്ള ന്യൂകാസിലിന്റെ തയ്യാറെടുപ്പിൽ ഏറ്റവുമധികം ക്ഷീണം സംഭവിക്കുക ഇറ്റാലിയൻ ലീഗിലെ വമ്പൻ ക്ലബുകൾക്ക് ആയിരിക്കുമെന്നാണ് ടുട്ടോസ്പോർട്ടിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 250 മില്യൺ യൂറോയോളം താരങ്ങൾക്കു വേണ്ടി മുടക്കാൻ കഴിയും എന്നിരിക്കെ സീരി എയിലെ പ്രധാന താരങ്ങളെയാണ് ന്യൂകാസിൽ പ്രധാനമായും നോട്ടമിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുവന്റസിന്റെ പദ്ധതികളിൽ ഇടമില്ലാത്ത വെയിൽസ്‌ താരം ആരോൺ റാംസിയെയാണ് ന്യൂകാസിൽ പ്രധാനമായും നോട്ടമിടുന്നത്. പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള താരത്തിന് ആഴ്‌സണലിനൊപ്പമുള്ള പരിചയസമ്പത്തും അവർ കണക്കു കൂട്ടുന്നു. മാത്തിയാസ് ഡി ലൈറ്റ്, യുവവിസ്‌മയം ഫെഡറികോ ചിയേസ എന്നിവരിലും ന്യൂകാസിലിനു താൽപര്യമുണ്ടെങ്കിലും അവരെ വിട്ടുകൊടുക്കാൻ യുവന്റസ് തയ്യാറായേക്കില്ല.

എസി മിലാനിൽ ന്യൂകാസിൽ നോട്ടമിട്ടിരിക്കുന്ന പ്രധാന താരം ഐവറികോസ്റ്റ് മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസീയാണ്. 2022ൽ കരാർ അവസാനിക്കുന്ന താരം ഇതുവരെയും അതു പുതുക്കിയിട്ടില്ല എന്നിരിക്കെ കെസിയെ സ്വന്തമാക്കുക ന്യൂകാസിലിന് എളുപ്പമായിരിക്കും. ഇതിനു പുറമെ ഇന്റർ മിലാൻ പ്രതിരോധ താരമായ സ്റ്റെഫാൻ ഡി വ്രിജ്, മധ്യനിര താരം മാഴ്‌സലോ ബ്രോസോവിച്ച് എന്നിവരിലും ന്യൂകാസിലിനു താൽപര്യമുണ്ട്.

ആവശ്യമുള്ളത്രയും പണം ഒഴുക്കാൻ കഴിയും എന്നിരിക്കെ വേണ്ട താരങ്ങളെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡിനു നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ടാകില്ല. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ക്ലബുകൾക്ക് പ്രധാന താരങ്ങൾക്ക് പുതിയ കരാർ നൽകാൻ കഴിയാത്തതും വമ്പൻ താരങ്ങളെ നിലനിർത്താനുള്ള ബുദ്ധിമുട്ടുമെല്ലാം മുതലെടുക്കാൻ ഇംഗ്ലീഷ് ക്ലബിന് കഴിയും.


facebooktwitterreddit