ന്യൂകാസിൽ രണ്ടും കൽപ്പിച്ച്; ജനുവരിയിൽ ടീമിലെത്തിക്കാൻ നോട്ടമിട്ടിരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 4 താരങ്ങളെ

സൗദി അറേബ്യൻ കൺസോർഷ്യം ഏറ്റെടുത്തതോടെ പ്രീമിയർ ലീഗിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയ ന്യൂകാസിൽ യുണൈറ്റഡ് വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ വലിയ അഴിച്ചു പണി നടത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ഇപ്പോളിതാ ഇതിന്റെ ഭാഗമായി പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാല് സൂപ്പർ താരങ്ങളെ ന്യൂകാസിൽ നോട്ടമിട്ടിട്ടുണ്ടെന്നും ജനുവരിയിൽ ഇവരെ സ്വന്തമാക്കാൻ അവർ ശക്തമായി രംഗത്തുണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. ന്യൂകാസിൽ ആരാധകർക്ക് വലിയ ആവേശം പകരുന്ന വാർത്തയാണിത്.
ആന്തണി മാർഷ്യൽ, ഡോണി വാൻ ഡി ബീക്ക്, ജെസി ലിംഗാർഡ്, എറിക്ക് ബെയിലി എന്നിവരാണ് ന്യൂകാസിലിന്റെ റഡാറിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെന്ന് ഇംഗ്ലീഷ് മാധ്യമമായ മിററാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ താരങ്ങളെ സ്വന്തമാക്കാൻ പണം ന്യൂകാസിലിന് ഒരു പ്രശ്നമാകില്ലെങ്കിലും പുതുപ്പണവുമായെത്തുന്ന ന്യൂകാസിലിലേക്ക് ചേക്കേറാൻ താരങ്ങൾ താല്പര്യം കാണിക്കുമോ എന്നതാണ് അറിയേണ്ടത്.
Newcastle United could make moves for Donny van de Beek, Jesse Lingard, Anthony Martial and Eric Bailly.
— Paddy Power (@paddypower) October 11, 2021
Some scouting network at Newcastle. Just applied the 'not getting a game at Utd filter' to the database.
ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജേഡൻ സാഞ്ചോയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുമെത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രാധാന്യം കുറഞ്ഞ കളികാരനാണ് മാർഷ്യൽ. അത് കൊണ്ടു തന്നെ താരത്തെ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കുന്നതിന് മാഞ്ചസ്റ്റർ യുണറ്റഡ് താല്പര്യം കാണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 2020 ൽ അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ വാൻ ഡി ബീക്കിനും ക്ലബ്ബിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നില്ല. പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യറിന്റെ ഇഷ്ടക്കാരനല്ലാത്ത താരം ക്ലബ്ബിൽ നിന്ന് വിട്ടു പോകാൻ താല്പര്യപ്പെടുന്നുണ്ടെന്നാണ് സൂചനകൾ.
അടുത്ത വർഷം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന താരമാണ് ജെസി ലിംഗാർഡ്. കരാർ പുതുക്കുന്ന കാര്യത്തിൽ അദ്ദേഹവുമായി ക്ലബ്ബ് ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും തങ്ങൾ മുന്നോട്ടു വെക്കുന്ന പുതിയ കരാർ ഒപ്പിടാൻ വിസമ്മതിക്കുകയാണെങ്കിൽ അദ്ദേഹത്തെ ജനുവരിയിൽ വിൽക്കാൻ ക്ലബ്ബ് തീരുമാനിച്ചേക്കും. റാഫേൽ വരാനെയുടെ വരവോടെ ക്ലബ്ബിലെ പ്രാധാന്യം നഷ്ടമായ എറിക്ക് ബെയിലിയേയും അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാനുള്ള സാധ്യതകൾ ഉയർന്ന് നിൽക്കുന്നു. ഈ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താരങ്ങളെ റാഞ്ചാൻ ന്യൂകാസിലിന് കഴിയുമെന്നും അത് വഴി ടീമിന്റെ വരുത്ത് വർധിപ്പിക്കാൻ അവർക്കാകുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.