സൗദി ഉടമസ്ഥതയിലെ ആദ്യ സൈനിങ്‌ പൂർത്തിയാക്കി ന്യൂകാസിൽ, കീറോൺ ട്രിപ്പിയറെ സ്വന്തമാക്കിയത് 12 മില്യൺ യൂറോക്ക്

Levante v Atletico Madrid - La Liga Santander
Levante v Atletico Madrid - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ സൈനിങ്‌ പൂർത്തിയാക്കി ന്യൂകാസിൽ യുണൈറ്റഡ്. അത്ലറ്റികോ മാഡ്രിഡിൽ നിന്നും ഇംഗ്ലണ്ട് ഫുൾ ബാക്കായ കീറോൺ ട്രിപ്പിയറിനെയാണ് ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കിയത്. 12 മില്യൺ നൽകി രണ്ടര വർഷത്തെ കരാറിൽ താരത്തെ ടീമിലെത്തിച്ച വിവരം ന്യൂകാസിൽ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

305 മില്യൺ പൗണ്ട് മുടക്കിയാണ് കഴിഞ്ഞ ഒക്ടോബറിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്വന്തമാക്കിയത്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബെന്ന നേട്ടവും അവർ സ്വന്തമാക്കിയിരുന്നു. ഇതിനു ശേഷം നിരവധി പ്രധാന താരങ്ങളെയും ന്യൂകാസിൽ യുണൈറ്റഡിനെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും ട്രിപ്പിയറാണ് ടീമിലേക്ക് ആദ്യം എത്തിയത്.

മാഞ്ചസ്റ്റർ സിറ്റിയിൽ കരിയർ ആരംഭിച്ച് പിന്നീട് ബേൺലി, ടോട്ടനം ഹോസ്‌പർ എന്നീ ക്ലബുകളിലേക്ക് ചേക്കേറിയ ട്രിപ്പിയർ അതിനു ശേഷമാണ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ സീസണിൽ അത്ലറ്റികോ ലാ ലിഗ കിരീടം നേടിയതിൽ നിർണായക സാന്നിധ്യമായിരുന്ന താരം അതിനു ശേഷം യൂറോ കപ്പ് ഫൈനൽ കളിച്ച ഇംഗ്ലണ്ട് ടീമിന്റെയും ഭാഗമായിരുന്നു. ഇംഗ്ലണ്ടിലേക്ക് തിരിച്ചു വരികയെന്ന താരത്തിന്റെ മോഹം കൂടിയാണ് ഇതോടെ നടപ്പിലായത്.

ട്രിപ്പിയർ ന്യൂകാസിൽ യുണൈറ്റഡിന്റെ ഭാഗമായതിൽ വളരെ സന്തോഷമുണ്ടെന്ന് ക്ലബിന്റെ പരിശീലകനായ എഡ്ഡീ ഹോവേ പ്രതികരിച്ചു. ട്രിപ്പിയറിന്റെ കഴിവുകളെക്കുറിച്ച് നന്നായി അറിയുകയും കരിയറിനെ പിന്തുടരുകയും ചെയ്‌തിരുന്ന താൻ താരത്തെ സ്വന്തമാക്കാൻ ഒരവസരം ലഭിച്ചപ്പോൾ മടിച്ചു നിൽക്കാതെ മുന്നോട്ടു പോയാണ് ട്രാൻസ്‌ഫർ പൂർത്തീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഇനിയും ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും ഹോവേ വ്യക്തമാക്കി.

ട്രിപ്പിയറിന്റെ സൈനിങ്‌ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ന്യൂകാസിൽ യുണൈറ്റഡിലേക്ക് വരാനിരിക്കുന്ന താരനിരയുടെ ഒരു തുടക്കം മാത്രമാണെന്നാണ് കരുതേണ്ടത്. നിലവിൽ തരം താഴ്ത്തൽ മേഖലയിൽ കിടക്കുന്ന ക്ലബിന് അതിൽ നിന്നും മുന്നേറിയേ തീരു എന്നതിനാൽ എന്തു വില കൊടുത്തും ജനുവരിയിൽ അവർ ടീമിനെ പുതുക്കിപ്പണിയുമെന്നതിൽ സംശയമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.