പ്രീമിയർ ലീഗിന്റെ അനുമതി ലഭിച്ചു; ന്യൂകാസിൽ യുണൈറ്റഡ് ഇനി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് സ്വന്തം

പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ പൂർണമായും ഏറ്റെടുത്ത് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം. 300 മില്ല്യൺ പൗണ്ട് നൽകിയാണ് മൈക്ക് ആഷ്ലിയിൽ നിന്ന് ഈ കൺസോർഷ്യം പ്രീമിയർ ലീഗ് ക്ലബ്ബിനെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ സൂചനകൾ പുറത്ത് വന്നിരുന്നെങ്കിലും അല്പം മുൻപാണ് പ്രീമിയർ ലീഗ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പിസിപി ക്യാപിറ്റൽസ്, റൂബൻ സഹോദരങ്ങൾ, സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവസ്റ്റ്മെന്റ് ഫണ്ട് എന്നിവ ചേർന്ന കൺസോർഷ്യം 2017ലാണ് ഇംഗ്ലീഷ് ക്ലബ്ബിനെ സ്വന്തമാക്കാനുള്ള ബിഡ് ആസൂത്രണം ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ വർഷം ഒരു ബിഡുമായി അവർ ക്ലബ്ബിനെ വാങ്ങാൻ മുന്നോട്ടു വന്നെങ്കിലും സൗദി ഭരണകൂടം ക്ലബ്ബിന്റെ ഡയറക്ടർമാരായേക്കുമെന്ന ഭയവും പ്രീമിയർ ലീഗിന്റെ പ്രക്ഷേപണ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള തർക്കവും മൂലം പ്രീമിയർ ലീഗ് അധികൃതർ ഈ ഏറ്റെടുക്കലിന് പച്ചക്കൊടി വീശാതിരിക്കുകയായിരുന്നു.
An investment group led by #PIF has completed the acquisition of 100% of Newcastle United Football Club @NUFC. pic.twitter.com/EheSktF7fG
— Public Investment Fund (@PIF_en) October 7, 2021
എന്നാൽ ഈയടുത്ത് പ്രീമിയർ ലീഗിന്റെ സംപ്രേക്ഷണ പങ്കാളികളായ ബീഇൻ സ്പോർട്സിന് രാജ്യത്തുള്ള നിരോധനം നീക്കാനും അവരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സൗദി അറേബ്യ തയ്യാറായതോടെ ന്യൂകാസിൽ യുണൈറ്റഡിനെ ഏറ്റെടുക്കാനുള്ള സൗദി കൺസോർഷ്യത്തിന്റെ നീക്കങ്ങൾക്ക് പ്രീമിയർ ലീഗിന്റെ പച്ചക്കൊടി ലഭിക്കുകയായിരുന്നു.
"പ്രീമിയർ ലീഗ്, ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ്, സെന്റ് ജെയിംസ് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്നിവർ ഇന്ന് പി ഐ എഫ്, പിസിപി ക്യാപിറ്റൽ പാർട്ണേഴ്സ്, ആർബി സ്പോർട്സ് എന്നിവർ ചേർന്നുള്ള കൺസോർഷ്യം ക്ലബ്ബ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചു. പ്രീമിയർ ലീഗ് ഉടമസ്ഥരുടേയും, ഡയറക്ടർമാരുടേയും ടെസ്റ്റ് പൂർത്തിയായതിന് ശേഷം ക്ലബ്ബ് ഉടൻ തന്നെ കൺസോർഷ്യത്തിന് വിറ്റു. ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യ നിയന്ത്രിക്കില്ലെന്ന് പ്രീമിയർ ലീഗിന് ഇപ്പോൾ നിയമപരമായ ഉറപ്പ് ലഭിച്ചിട്ടുണ്ട്," ഔദ്യോഗിക പ്രസ്താവനയിൽ പ്രീമിയർ ലീഗ് കുറിച്ചു.