സൗദിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യുകാസിൽ യുണൈറ്റഡിനെ ഏറ്റെടുത്തേക്കും

By Gokul Manthara
Crown Prince of Saudi Arabia Mohammad Bin Salman in Washington
Crown Prince of Saudi Arabia Mohammad Bin Salman in Washington / Anadolu Agency/GettyImages
facebooktwitterreddit

പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങാനുള്ള സാധ്യതകൾ വർദ്ധിച്ചതായി റിപോർട്ടുകൾ.

നേരത്തെയും ന്യൂകാസിലിനെ ഏറ്റെടുക്കാൻ അമാൻഡ സ്റ്റാവേലെയുടെ നേതൃത്വത്തിലുള്ള പിസിപി ക്യാപിറ്റൽ പാർട്ണർസ്, റൂബൻ സഹോദരങ്ങൾ, സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവരടങ്ങുന്ന കൺസോർഷ്യം താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പ്രീമിയർ ലീഗ് ബ്രോഡ്കാസ്റ്റർമാരായ ബീഇൻ സ്പോർട്സിന് സൗദി അറേബ്യയിലുള്ള നിരോധനം മൂലം ഈ നീക്കത്തിന് പച്ചക്കൊടി ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ബീഇൻ സ്പോർട്സുമായുള്ള പ്രശ്നങ്ങൾ സൗദി പരിഹരിച്ചതോടെയാണ് ഈ ഇടപാട് സാധ്യമാകുമെന്ന റിപോർട്ടുകൾ ശക്തമായത്.

300 മില്ല്യൺ പൗണ്ട് നൽകിയാവും സൗദിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂകാസിൽ യുണൈറ്റഡിനെ ഏറ്റെടുക്കുകയെന്നാണ് റിപ്പോർട്ടുകൾ‌. ബീഇൻ സ്പോർട്സുമായി ഗൾഫ് രാജ്യം പൈറസി പ്രശ്നങ്ങൾ പരിഹരിക്കുകയും, ഖത്തർ ആസ്ഥാനമായുള്ള അവർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം മാറ്റുകയും ചെയ്യുന്ന മുറക്ക് ഈ ഇടപാട് നടക്കുമെന്നാണ് സ്പോർട്സ് മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ന്യൂകാസിൽ ആരാധകർക്കും വലിയ ആവേശം നൽകുന്ന വാർത്തയാണിത്.

നേരത്തെ കഴിഞ്ഞ വർഷവും ന്യൂകാസിൽ യുണൈറ്റഡിനെ വാങ്ങാനുള്ള ശ്രമങ്ങളുമായി സൗദിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷ് ക്ലബ്ബിനെ ഇവർ സ്വന്തമാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായതിനിടെ തങ്ങൾ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയാണെന്ന് പബ്ലിക്ക് ഇൻവസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം പിന്നീട് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കുകയായിരുന്നു.

ലീഗിനും, അതിന്റെ പ്രക്ഷേപണ‌ പങ്കാളികൾക്കുമെതിരെ പൈറസി നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന രാജ്യത്ത് നിന്നുള്ള ഒരു കൺസോർഷ്യം ലീഗിലെ ഒരു ക്ലബ്ബിന്റെ ഉടമസ്ഥത ഏറ്റെടുക്കുന്നതിന് പ്രീമിയർ ലീഗ് അനുവാദം നൽകിയിരുന്നില്ലെന്നും, സൗദിയും തങ്ങളും വെവ്വേറെയാണെന്ന് തെളിയിക്കാൻ ഈ കൺസോർഷ്യം പരാജയപ്പെടുക കൂടി ചെയ്ത സാഹചര്യത്തിൽ ന്യൂകാസിലിനെ ഏറ്റെടുക്കാനുള്ള അവരുടെ നീക്കങ്ങൾ പൊളിയുകയായിരുന്നുവെന്നും പിന്നാലെ റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇപ്പോൾ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട പൈറസി പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതോടെ സൗദിയിൽ നിന്നുള്ള കൺസോർഷ്യം ന്യൂകാസിലിനെ ഏറ്റെടുക്കുന്നതിന് പ്രീമിയർ ലീഗ് പച്ചക്കൊടി വീശുമെന്നാണ് സൂചനകൾ.


facebooktwitterreddit