ന്യൂകാസിൽ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഫ്രാങ്ക് ലംപാർഡും ലൂസിയെൻ ഫാവ്റെയും

ന്യൂകാസിൽ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻ ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്, മുൻ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ ലൂസിയെൻ ഫാവ്റെ എന്നിവരുണ്ടെന്ന് റിപോർട്ടുകൾ.
സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, പിസിപി ക്യാപിറ്റൽ പാർട്ട്നേഴ്സ്, റൂബൻ സഹോദരങ്ങൾ എന്നിവരടങ്ങിയ കൺസോർഷ്യം ന്യൂകാസിലിനെ സ്വന്തമാക്കിയതിന് പിന്നാലെ, വൻ അഴിച്ചുപണികൾക്കാണ് ക്ലബ് ഒരുങ്ങുന്നത്.
നിലവിൽ പ്രീമിയർ ലീഗിൽ 19ആം സ്ഥാനത്ത് നിൽക്കുന്ന ന്യൂകാസിൽ, സ്റ്റീവ് ബ്രൂസിനെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് യൂറോപ്പിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രൂസിന്റെ പകരക്കാരനായി, മാഗ്പീസിന്റെ പരിശീലകസ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.
ഇംഗ്ലീഷ് മാധ്യമമായ ദി ടെലെഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം ലംപാർഡ്, ഫാവ്റെ എന്നിവരെ പരിശീലകസ്ഥാനത്തേക്ക് ന്യൂകാസിൽ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ മാനേജർ സ്ഥാനത്ത് നിന്ന് ചെൽസി പുറത്താക്കിയതിന് ശേഷം ലംപാർഡ് മറ്റൊരു ടീമിന്റെയും പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടില്ല. മറ്റൊരു ഇംഗ്ലീഷ് മാധ്യമമായ ദി സണ്ണും ലംപാർഡ് ന്യൂകാസിലിന്റെ പരിഗണനയിൽ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം, കഴിഞ്ഞ ഡിസംബറിൽ ബൊറൂസിയ ഡോർട്മുണ്ട് പുറത്താക്കിയ ഫാവ്റെയും നിലവിൽ മാർക്കറ്റിൽ ലഭ്യമാണ്. നേരത്തെ, ക്രിസ്റ്റൽ പാലസ് പരിശീലകനാവാനുള്ള അവസരം നിഷേധിച്ചിട്ടുള്ള ഫാവ്റെ, ന്യൂകാസിലിൽ നിന്ന് അത്തരം ഒരു ഓഫർ വന്നാൽ സ്വീകരിക്കാനുള്ള സാധ്യത ഏറെയാണ്.
പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ക്ലബ്ബിനെ സ്വന്തമാക്കിയതിന് ശേഷമുള്ള ന്യൂകാസിലിന്റെ ആദ്യ മത്സരം, ഒക്ടോബർ 17ന് ടോട്ടൻഹാം ഹോട്സ്പറിന് എതിരെയാണ്. ആ മത്സരത്തിന് മുൻപ് തന്നെ ബ്രൂസിനെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.