Football in Malayalam

ആഴ്‌സണലിൽ നിന്നും തഴയപ്പെടുന്ന ഒബാമയാങിനെ ലക്ഷ്യമിട്ട് ന്യൂകാസിൽ യുണൈറ്റഡ്

Sreejith N
Arsenal v Aston Villa - Premier League
Arsenal v Aston Villa - Premier League / Visionhaus/GettyImages
facebooktwitterreddit

അച്ചടക്കലംഘനം നടത്തിയെന്നതിന്റെ പേരിൽ ആഴ്‌സണൽ നായകസ്ഥാനത്തു നിന്നും ആദ്യം ഒഴിവാക്കപ്പെട്ട ഒബാമയാങ് ഇപ്പോൾ ടീമിൽ നിന്നും പുറത്താണ്. താരം ഗണ്ണേഴ്‌സിനു വേണ്ടി ഇനി ജേഴ്‌സിയണിയാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ ശക്തമായിക്കൊണ്ടിരിക്കെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഗാബോൺ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തികളായ ന്യൂകാസിൽ യുണൈറ്റഡ്.

അച്ചടക്കനടപടിയെ തുടർന്ന് നായകസ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു ശേഷം ആഴ്‌സണൽ കളിച്ച ആറു മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ഒബാമയാങ് ടീമിലിടം നേടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരത്തിനായി ന്യൂകാസിൽ യുണൈറ്റഡ് രംഗത്തു വന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ആഴ്‌സനലിനെ ന്യൂകാസിൽ ബന്ധപ്പെട്ടു കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബൊറൂസിയ ഡോർട്മുണ്ടിലും ആഴ്‌സണലിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള ഒബാമയങ്ങിനെ ജനുവരിയിൽ ലോണിലാണ് ന്യൂകാസിൽ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. അതിനു ശേഷം ഈ സീസൺ അവസാനിക്കുമ്പോൾ ഇരുപതു മില്യൺ പൗണ്ട് നൽകി താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാമെന്ന ഉടമ്പടിയും ന്യൂകാസിൽ മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ന്യൂകാസിലിന്റെ ഓഫറിനോട് ഇതുവരെയും ആഴ്‌സണൽ പ്രതികരിച്ചിട്ടില്ല.

നിലവിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനുള്ള ഗാബോൺ ടീമിനൊപ്പം പരിശീലനത്തിലാണ് ഒബാമയാങ്. പ്രീമിയർ ലീഗിലെ മറ്റു താരങ്ങളേക്കാൾ നേരത്തെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനുള്ള ദേശീയ ടീമിനൊപ്പം ചേരാൻ ഒബാമയാങിന് ആഴ്‌സണൽ സമ്മതം നൽകിയിരുന്നു. ആഴ്‌സണലിൽ അവസരം ലഭിക്കില്ലെന്ന് ഉറപ്പായാൽ താരം ജനുവരിയിൽ തന്നെ ക്ലബ് വിടാനാണ് സാധ്യത.

അതേസമയം തരം താഴ്ത്തൽ മേഖലയിൽ നിന്നും പുറത്തു കടക്കാൻ വേണ്ടി ജനുവരിയിൽ ടീമിനെ പരമാവധി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ന്യൂകാസിൽ യുണൈറ്റഡ് മുന്നോട്ടു പോകുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായതിനാൽ തന്നെ വലിയ തുക അതിനായി അവർ മുടക്കാനും തയ്യാറാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit