സൂപ്പർതാരങ്ങളെ കൂടാരത്തിലെത്തിക്കാൻ ന്യൂകാസിൽ യുണൈറ്റഡ്, ആദ്യത്തെ ലക്ഷ്യം പിഎസ്ജി താരം


സൗദി അറേബ്യ ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ ഫുട്ബോൾ ലോകത്തിലെ ഏറ്റവും സമ്പന്നമായ ടീമായി മാറിയ ന്യൂകാസിൽ യുണൈറ്റഡ് ക്ലബ്ബിനെ അഴിച്ചു പണിയാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. വരുന്ന പത്ത് വർഷങ്ങൾക്കുള്ളിൽ പ്രീമിയർ ലീഗ് കിരീടം ഉയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്ലബിന്റെ ഡയറക്റ്ററായ അമാൻഡ സ്റ്റാവ്ലി പറഞ്ഞെങ്കിലും വളരെ പെട്ടന്നു തന്നെ ടീമിനെ മെച്ചപ്പെടുത്തിയെടുക്കാനാണ് ന്യൂകാസിൽ ഒരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ താരങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കും എന്നുറപ്പുള്ള ന്യൂകാസിൽ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്ന താരങ്ങളിൽ പ്രധാനി പിഎസ്ജിയുടെ മൗറോ ഇകാർഡിയാണെന്നാണ് ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നത്. ലയണൽ മെസി, കെയ്ലിയൻ എംബാപ്പെ, നെയ്മർ തുടങ്ങിയ മുന്നേറ്റനിര താരങ്ങളുള്ള പിഎസ്ജിയിൽ അവസരങ്ങൾ കുറഞ്ഞ ഇകാർഡിയെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
305 മില്യൺ പൗണ്ട് മുടക്കി ന്യൂകാസിൽ യുണൈറ്റഡിനെ ഏറ്റെടുത്ത സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് അടുത്ത മൂന്നു വർഷത്തിനിടയിൽ ഇരുനൂറു മില്യൺ യൂറോ ട്രാൻസ്ഫർ സംബന്ധമായ കാര്യങ്ങൾക്കു വേണ്ടി ചിലവഴിക്കാൻ കഴിയും എന്നാണു സാമ്പത്തിക വിശകലന വിദഗ്ദർ പറയുന്നത്. അതുകൊണ്ടു തന്നെ ജനുവരി ട്രാൻസ്ഫർ ജാലകം മുതൽ പുതിയൊരു ടീമായി മാറാനൊരുങ്ങുന്ന ന്യൂകാസിൽ പ്രീമിയർ ലീഗിലെ നിലവിലെ വമ്പൻ ടീമുകൾക്കെല്ലാം ഭീഷണി തന്നെയാണ്.
അതേസമയം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അവർ ടീമിലെത്തിക്കാൻ നോട്ടമിട്ടിരിക്കുന്ന പ്രധാന താരമായ ഇകാർഡിക്കു വേണ്ടി അവർ മത്സരം നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പർ, ഇറ്റാലിയൻ ക്ലബായ യുവന്റസ് എന്നിവരാണ് വിന്റർ ജാലകത്തിൽ അർജന്റീന സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.