ഉനായി എമേറിയിൽ ന്യൂകാസിലിന് താല്പര്യം, വിയ്യാറയൽ പരിശീലകനുമായി ചർച്ചകൾ ആരംഭിച്ച് പ്രീമിയർ ലീഗ് ക്ലബ്

പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡിന്റെ സമഗ്ര മാറ്റങ്ങൾക്ക് തുടക്കമാകുന്നു. ആദ്യമായി മികച്ച പരിശീലകനെ ടീമിലെത്തിക്കുന്നതിനാണ് ക്ലബിന്റെ പുതിയ ഉടമകള്‍ ശ്രമിക്കുന്നത്. അതിന്റെ ആദ്യ പടിയായി, മുന്‍ ആഴ്സനല്‍, പി.എസ്.ജി പരിശീലകനായിരുന്ന ഉനായി എമേറിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ന്യൂകാസിൽ ആരംഭിച്ച് കഴിഞ്ഞു.
സ്റ്റീവ് ബ്രൂസിനെ പുറത്താക്കിയതിന് ശേഷം പലരുമായും ന്യൂകാസിൽ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും, ഇപ്പോൾ പരിശീലകസ്ഥാനത്തേക്ക് എമേറിയുടെ പേരാണ് പരിഗണിക്കപ്പെടുന്നത്. പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനത്തുള്ള ടീമിനെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ന്യൂകാസിലിന്റെ പുതിയ ഉടമസ്ഥർ. പുതിയ പരിശീലകന് ശേഷം കൂടുതല്‍ താരങ്ങളേയും ടീമിലെത്തിച്ച് ന്യൂകാസിലിനെ ഇംഗ്ലണ്ടിലെ പ്രധാന ടീമാക്കി മാറ്റുന്നതിനാണ് മാനേജ്മെന്റ് ഇപ്പോള്‍ ശ്രമിക്കുന്നത്.
നേരത്തെ റോമയുടെ പരിശീലകനായിരുന്ന പൗലോ ഫോന്‍സെക, ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരിശീലിപ്പിച്ചിട്ടുള്ള ലൂസിയാന്‍ ഫാവ്റെ, പ്രീമിയര്‍ ലീഗ് ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള എഡി ഹോവെ എന്നിവരെ ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇവരാരും ന്യൂകാസിൽ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. അതിനെ തുടര്‍ന്നാണ് അന്വേഷണം എമേറിയിലെത്തിയത്. എമേറിയുമായി ന്യൂകാസിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് 90min മനസ്സിലാക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കിയത്.
നിലവില്‍ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ 19ാം സ്ഥാനത്തുള്ള ന്യൂകാസില്‍, തരംതാഴ്ത്തൽ ഭീഷണി നേരിടുന്നുണ്ട്. മുഖ്യ പരിശീലകനായിരുന്ന ബ്രൂസ് ടീം വിട്ടതിന് ശേഷം സഹ പരിശീലകനാണ് ക്ലബിനെ പരിശീലിപ്പിക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ അവാസനമായി കളിച്ച മത്സരത്തില്‍ ചെല്‍സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയായിരുന്നു ന്യൂകാസില്‍ ഏറ്റുവാങ്ങിയത്. ലീഗ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്രൈറ്റണെതിരെയാണ് ന്യൂകാസില്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.