ട്രിപ്പിയറിന് പിന്നാലെ മറ്റൊരു താരത്തെ ലാ ലീഗയിൽ നിന്ന് റാഞ്ചാൻ ന്യൂകാസിൽ യുണൈറ്റഡ്

Haroon Rasheed
Diego Carlos defends against Asensio
Diego Carlos defends against Asensio / Quality Sport Images/GettyImages
facebooktwitterreddit

പുതിയ ഉടമസ്ഥര്‍ക്ക് കീഴില്‍ ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താരങ്ങളെ തേടിയുള്ള ന്യൂ കാസില്‍ യുണൈറ്റഡിന്റെ നീക്കം തുടരുന്നു. സെവിയ്യയില്‍ നിന്ന് ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ഡിയഗോ കാര്‍ലോസിനായി ന്യൂകാസില്‍ യുണൈറ്റഡ് നീക്കം നടത്തിയതായാണ് പുതിയ വിവരം.

നേരത്തെ ലാലിഗ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഇംഗ്ലീഷ് താരം കെയ്‌റാന്‍ ട്രിപ്പിയറെ ടീമിലെത്തിച്ച ന്യൂകാസില്‍ യുണൈറ്റഡ്, ഇത് രണ്ടാമത്തെ താരത്തിന് വേണ്ടിയാണ് ശ്രമം നടത്തുന്നത്. പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ സോണില്‍ നില്‍ക്കുന്ന ക്ലബിനെ ലീഗില്‍ നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ അവര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിന് വേണ്ടിയാണ് ടീമില്‍ കാര്യമായ മാറ്റം വരുത്തുന്നത്.

എവര്‍ട്ടണ്‍ താരം ലൂക്കാസ് ഡിഗ്നെ, ഫ്രൈബര്‍ഗ് താരം നികോ ഷോള്‍ട്ടര്‍ബക്ക്, ലില്ലെ താരം സ്വെന്‍ ബോട്ട്മാന്‍ എന്നിവരെ ടീമിലെത്തിക്കുന്നതിന് വേണ്ടി നീക്കം നടത്തിയിരുന്നെങ്കിലും ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഇതിനെ തുടര്‍ന്നാണ് സെവിയ്യ താരത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ സജീവമാക്കിയത്. ബ്രസീലിയന്‍ താരം കാര്‍ലോസ് ന്യൂകാസിലേക്ക് ചേക്കേറാന്‍ ആഗ്രഹം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

28 മില്യന്‍ യൂറോയുടെ പ്രാഥമിക ഓഫര്‍ സെവിയ്യ നിരസിച്ചെങ്കിലും ഇരു ക്ലബുകളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ന്യൂകാസിലിന്റെ പ്രധാന പ്രശ്‌നമായ സെന്റര്‍ ബാക്കിലെ പ്രശ്‌നത്തിന് പരിഹാരം തേടിയാണ് ക്ലബ് ഇപ്പോള്‍ ബ്രസീലിയന്‍ സെന്റര്‍ ബാക്കിനെ ടീമിലെത്തിക്കാൻ ലക്ഷ്യമിടുന്നത്. 2019ല്‍ ഫ്രഞ്ച് ക്ലബായ നാന്റെസില്‍നിന്ന് സെവിയ്യയിലെത്തിയ കാര്‍ലോസ് അവരുടെ പ്രതിരോധത്തിലെ പ്രധാന താരമാണ്. സെവിയ്യക്ക് ഇതുവരെ 106 മത്സരങ്ങള്‍ കാര്‍ലോസ് കളിച്ചിട്ടുണ്ട്. നാലു ഗോളുകളും സെവിയ്യക്കൊപ്പം സ്വന്താമക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit