ഡീന്‍ ഹെന്‍ഡേഴ്‌സനെ ടീമിലെത്തിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡ് നീക്കം നടത്തുന്നു

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സനെ ടീമിലെത്തിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡ് നീക്കം നടത്തുന്നതായി 90min മനസിലാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിലും ഇതുസംബന്ധിച്ച് ധാരണയൊന്നും ഉണ്ടായിട്ടില്ലെങ്കിലും യുവ ഗോള്‍കീപ്പറെ ടീമിലെത്തിക്കാന്‍ ന്യൂകാസില്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് മനസിലാക്കുന്നത്.
നേരത്തെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഹെന്‍ഡേഴ്‌സനെ സ്വന്തമാക്കാന്‍ ന്യൂകാസില്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. ഒന്നാം നമ്പർ ഗോള്‍ കീപ്പറായി ഡേവിഡ് ഡി ഹിയ ഉള്ളതിനാല്‍ ഹെന്‍ഡേഴ്‌സന് മാഞ്ചസ്റ്റർ യുണൈറ്റഡില്‍ അവസരങ്ങള്‍ കുറവായിരുന്നു. 2021-22 സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങളിൽ മാത്രമേ ഹെന്‍ഡേഴ്‌സന് യുണൈറ്റഡിനായി വലകാക്കാനായിട്ടുള്ളു.
2020ൽ ഹെന്‍ഡേഴ്‌സന്‍ യുണൈറ്റഡുമായുള്ള കരാർ ദീര്‍ഘകാലത്തേക്ക് പുതുക്കിയിരുന്നു. ആ കരാറിൽ ഇപ്പോഴും മൂന്ന് വർഷം അവശേഷിക്കുന്നുണ്ട്.
അതേ സമയം, ഒരു ഗോള്‍ കീപ്പറെ ടീമിലെത്തിക്കുന്നത് ന്യൂകാസിൽ പരിശീലകൻ എഡി ഹൗവിന്റെ മുൻഗണനയിൽ ഉള്ള കാര്യമാണെന്ന് 90min മനസിലാക്കുന്നത്. ആഴ്‌സനലിന്റെ ജര്‍മന്‍ ഗോള്‍ കീപ്പര്‍ ബെര്‍ണാഡ് ലെനോയെ ന്യൂകാസിലിന്റെ സ്‌കൗട്ടുകൾ പരിഗണിച്ചിരുന്നെങ്കിലും, ഹെന്‍ഡേഴ്‌സന് വേണ്ടി നീക്കം നടത്താനാണ് പരിശീലകന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ന്യൂകാസിലിലേക്കുള്ള നീക്കത്തിന് ഹെന്‍ഡേഴ്‌സന് സമ്മതം മൂളുമെന്നാണ് ന്യൂകാസില്‍ മനസിലാക്കുന്നത്. എന്നാല്‍ യുണൈറ്റഡ് സ്ഥിരമായി താരത്തെ വില്‍ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ന്യൂകാസില്‍ ലോണടിസ്ഥാനത്തില്‍ ഹെന്‍ഡേഴ്‌സനെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.