നാലു താരങ്ങളെ ഉടന്‍ വേണം, നീക്കം ശക്തമാക്കി ന്യൂകാസില്‍ യുണൈറ്റഡ്

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുന്നതിന് മുന്‍പ് നാല് താരങ്ങളെയെങ്കിലും ടീമിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ ന്യൂകാസില്‍ യുണൈറ്റഡ്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകം ക്ലോസ് ചെയ്യുന്നതിന് മുന്‍പായി തങ്ങൾക്ക് അത്യാവശ്യമായി വേണ്ട താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ന്യൂകാസില്‍ മാനേജ്‌മെന്റും പരിശീലകന്‍ എഡി ഹൗവുമെന്ന് 90min വൃത്തങ്ങള്‍ മനസിലാക്കുന്നു.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ സോണില്‍ നില്‍ക്കുന്ന ന്യൂകാസില്‍ യുണൈറ്റഡിനെ രക്ഷിക്കുക എന്നതാണ് പരിശീലകന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന്റെ ഭാഗമായി, ഈ മാസം ആദ്യത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ കെയ്‌റാന്‍ ട്രിപ്പിയര്‍, ക്രിസ് വുഡ്‌സ് എന്നിവരെ ന്യൂകാസില്‍ ടീമിലെത്തിച്ചിരുന്നു.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കൂടുതല്‍ താരങ്ങളെ ക്ലബ് നോട്ടമിട്ടുണ്ട്. ലിയോണിന്റെ താരമായ ബ്രൂണോ ഗ്വിമാറസിനെ സ്വന്തമാക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണ് ന്യൂകാസില്‍. ഒരു സ്‌ട്രൈക്കര്‍, സെന്റര്‍ ബാക്ക്, ലെഫ്റ്റ് ബാക്ക് എന്നീ പൊസിഷനുകളിലേക്ക് വേണ്ടിയുള്ള താരങ്ങള്‍ക്കായുള്ള നെട്ടോട്ടത്തിലാണ് ക്ലബ് ഇപ്പോള്‍. മുന്നേറ്റ താരത്തിനായി മൂന്ന് താരങ്ങളെ ന്യൂകാസില്‍ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
ആഴ്‌സനല്‍ താരം എഡി എൻകേറ്റിയ, അറ്റലാന്റ താരം ഡുവാന്‍ സപാറ്റ, റെയിംസ് താരമായ ഹ്യൂഗോ എക്തികെ എന്നിവരുമായുള്ള ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. ലെഫ്റ്റ് ബാക്കിലേക്ക് വേണ്ടി ബയര്‍ ലെവന്‍കൂസന്‍ താരം മിച്ചല്‍ ബക്കറിനെ പരിഗണിച്ചിരുന്നെങ്കിലും, ജർമൻ ക്ലബുമായി ട്രാൻസ്ഫർ കാര്യത്തിൽ ധാരണയിലെത്താൻ ന്യൂകാസിലിന് ആയിട്ടില്ല. അതിനാല്‍ സാസുവോളോ താരം റോജറിയോയാണ് ലെഫ്റ്റ്-ബാക്ക് പൊസിഷനിലേക്ക് ന്യൂകാസിലിന്റെ പ്ലാന്‍ ബിയിലുള്ളത്.
സെന്റര്‍ ബാക്കിലേക്ക് ബ്രൈറ്റണ്‍ താരം ഡാന്‍ ബേണും ന്യൂകാസില്‍ യുണൈറ്റഡിന്റെ റഡാറിലുള്ള താരമാണ്. എന്തായാലും ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യാന്‍ ഒരു ദിവസംമാത്രം ബാക്കി നില്‍ക്കെ ഏറ്റവും കുറഞ്ഞത് നാലു താരങ്ങളെയെങ്കിലും ടീമിലെത്തിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ന്യൂകാസില്‍ യുണൈറ്റഡ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.