Football in Malayalam

ഒസ്മാന്‍ ഡെംബലയെ ലക്ഷ്യമിട്ട് വീണ്ടും ന്യൂകാസില്‍ യുണൈറ്റഡ്

Haroon Rasheed
FC Barcelona v SL Benfica: Group E - UEFA Champions League
FC Barcelona v SL Benfica: Group E - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡെംബലയെ ലക്ഷ്യമിട്ട് വീണ്ടും ന്യൂകാസില്‍ യുണൈറ്റഡ് രംഗത്ത്. സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണയുമായി കരാര്‍ അവസാനിക്കുന്ന ഡെംബലയെ ടീമിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ഇപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.

സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ക്ലബ് ഏറ്റെടുത്തതിന് ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട ന്യൂകാസില്‍ യുണൈറ്റഡ് മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ടീം മെച്ചപ്പെടുത്തുന്നതിന്റെ ആദ്യപടിയായി ന്യൂകാസില്‍ അവരുടെ പരിശീലകനെ പുറത്താക്കി പുതിയ പരിശീലകനായി എഡി ഹോവയെ നിയമിക്കുകയും ചെയ്തിരുന്നു.

ടീം ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂകാസിൽ ലക്ഷ്യമിടുന്ന താരങ്ങളിൽ ഒരാളാണ് ഡെംബലെയെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. 30 മില്യൺ യൂറോ വരെ ഉയരാവുന്ന ഒരു ട്രാൻസ്ഫർ ഫീ നൽകി താരത്തെ ജനുവരിയിൽ ടീമിലെത്തിക്കാമെന്നാണ് ന്യൂകാസിൽ പ്രതീക്ഷിക്കുന്നതെന്ന് മാർക്ക റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, സീസണില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന ന്യൂകാസില്‍ ഇപ്പോള്‍ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. 13 മത്സരങ്ങൾ ലീഗിൽ ഈ സീസണിൽ കളിച്ച ന്യൂകാസിലിന്റെ സമ്പാദ്യം ആറു പോയിന്റുകൾ മാത്രമാണ്. ഒരൊറ്റ വിജയവുമില്ലാത്ത ക്ലബ്, ഏഴു തോൽവികൾ വഴങ്ങുകയും ചെയ്‌തിട്ടുണ്ട്‌. റിലഗേഷന്‍ ഒഴിവാക്കി പ്രീമിയര്‍ ലീഗില്‍ നിലനില്‍ക്കണമെങ്കില്‍ ന്യൂകാസിലിന് ഇനി ടീമിനെ മെച്ചപ്പെടുത്തിയേ മതിയാകൂ എന്ന സ്ഥിതിയാണ്.


facebooktwitterreddit