കെയ്റൻ ട്രിപ്പിയർക്ക് വേണ്ടിയുള്ള ആദ്യ ഔദ്യോഗിക നീക്കം നടത്തി ന്യൂകാസില്‍ യുണൈറ്റഡ്

പുതിയ ഉടമസ്ഥര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഒരു താരത്തെ ടീമിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നീക്കം നടത്തി പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം കെയ്‌റന്‍ ട്രിപ്പിയറെ സ്വന്തമാക്കുന്നതിനുള്ള ആദ്യ നീക്കമാണ് ഇപ്പോള്‍ ക്ലബ് നടത്തിയിട്ടുള്ളത്.
പുതിയ ഉടമസ്ഥര്‍ ക്ലബ് ഏറ്റെടുത്തിതന് ശേഷം ഒരു താരത്തിന് വേണ്ടി നടത്തുന്ന ആദ്യ ഔദ്യോഗിക നീക്കം കുടിയാണിത്. നിലവില്‍ ന്യൂകാസിലിന് ഏറ്റവും അത്യാവശ്യമായി ഒരു താരം വേണ്ട പൊസിഷനായ റൈറ്റ് ബാക്കിലേക്ക് വേണ്ടിയാണ് താരത്തെ എത്തിക്കാന്‍ ശ്രമം നടക്കുന്നത്.
അത്‌ലറ്റിക്കോയുടെ ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യമായ ട്രിപ്പിയറെ സീസണിന്റെ പകുതിയില്‍ വിട്ട് നല്‍കാന്‍ ഡിഗോ സിമിയോണിക്ക് വിമുഖത ഉണ്ടെങ്കിലും ന്യൂകാസില്‍ യുണൈറ്റഡ് ഉയര്‍ന്ന തുക ഓഫര്‍ ചെയ്യുകയാണെങ്കില്‍ താരത്തെ വിട്ടുനല്‍കുകയല്ലാതെ സിമിയോണിക്ക് മുന്നില്‍ മറ്റുവഴികളുണ്ടാവില്ല. നിലവില്‍ പ്രീമിയര്‍ ലീഗില്‍ റിലേഗേഷന്‍ സോണിലുള്ള ന്യൂകാസിലിന് സീസണ്‍ അവസാനിക്കുമ്പോഴേക്കും തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെടുക എന്ന പ്രധാന ലക്ഷ്യമാണ് മുന്നിലുള്ളത്.
അതിന് വേണ്ടി കൂടുതല്‍ താരങ്ങളെയും ന്യൂകാസില്‍ ടീമിലെത്തിക്കും. നേരത്തെ ആഴ്‌സനല്‍ താരം ഒബമയോങ്ങ് അടക്കമുള്ള താരങ്ങള്‍ക്കായി ന്യൂകാസില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജനുവരി മധ്യത്തോടെ സീസണില്‍ ആരെയെല്ലാം ന്യൂകാസില്‍ യുണൈറ്റഡ് ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന അന്തിമ ചിത്രം ലഭിക്കും. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ന്യൂകാസില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ 19ാം സ്ഥാനത്താണിപ്പോള്‍.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.