വൈനാല്‍ഡത്തെ ലോണടിസ്ഥാനത്തില്‍ ടീമിലെത്തിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡ്

പി.എസ്.ജിയില്‍ അസന്തുഷ്ടനായ ഡച്ച് താരം ജോര്‍ജീഞ്ഞോ വൈനാല്‍ഡത്തെ ടീമിലെത്തിക്കാനുള്ള വഴിതേടി ന്യൂകാസില്‍ യുണൈറ്റഡ്. ലോണടിസ്ഥാനത്തില്‍ പി.എസ്.ജിയില്‍ നിന്ന് താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ന്യൂ കാസില്‍ നടത്തുന്നത്.
കഴിഞ്ഞ സമ്മറിലായിരുന്നു ഫ്രീ ട്രാന്‍സ്ഫറില്‍ വൈനാല്‍ഡം പി.എസ്.ജിയിലെത്തിയത്. എന്നാല്‍ ഫ്രഞ്ച് ക്ലബിൽ വൈനാല്‍ഡം സന്തോഷവാനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തങ്ങളുടെ മുൻ താരം കൂടിയായ വൈനാൾഡത്തെ ടീമിലെത്തിക്കാൻ ന്യൂകാസിൽ ശ്രമിക്കുന്നതായി ഫ്രഞ്ച് മാധ്യമമായ എല്‍'എക്യുപെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ലിവര്‍പൂളില്‍ കളിക്കുന്നതിന് മുന്‍പ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡിലായിരുന്നു വൈനാൾഡം കളിച്ചിരുന്നത്. ഇവിടെ നിന്നായിരുന്നു ഡച്ച് താരം ആന്‍ഫീല്‍ഡിലെത്തിയത്.
2015-16 സീസണിൽ ന്യൂകാസിലിന് വേണ്ടി കളിച്ച വൈനാൾഡം 40 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളായിരുന്നു പ്രീമിയർ ലീഗ് ക്ലബിന് വേണ്ടി സ്വന്തമാക്കിയത്. അതിന് ശേഷം ലിവർപൂളിലേക്ക് ചേക്കേറിയ താരം, ചെമ്പടക്കായി 237 മത്സരങ്ങളിൽ ബൂട്ടുകെട്ടി.
വൈനാൾഡത്തെ ടീമിലെത്തിക്കുകയാണെങ്കിൽ ന്യൂകാസിൽ താരത്തിന് 300000 പ്രതിവാര ശമ്പളമായി നൽകേണ്ടി വരും. എന്നാല്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ന്യൂകാസില്‍ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ സാമ്പത്തികമായി വലിയ ശക്തി കൈവന്ന ക്ലബ്, വലിയ താരങ്ങള്‍ക്ക് വേണ്ടി എത്ര വലിയ തുകയും ചിലവഴിക്കാനുള്ള ഒരുക്കത്തിലാണ്.
പുതിയ മാനേജ്‌മെന്റിന് കീഴില്‍ ടീം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ലോകനിലവാരമുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡ് ശ്രമം നടത്തുന്നത്. സീസണില്‍ പി.എസ്.ജിക്ക് വേണ്ടി 22 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ വൈനാല്‍ഡം മൂന്ന് ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.