ചെൽസിയെ വാങ്ങാൻ രംഗത്തുള്ളവരിൽ ന്യൂകാസിൽ യുണൈറ്റഡ് ഉടമയും


ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയെ വാങ്ങാൻ രംഗത്തുള്ള ഇരുപതു സമ്പന്നരിൽ ന്യൂകാസിൽ യുണൈറ്റഡ് ഉടമയും. ന്യൂകാസിൽ യുണൈറ്റഡിന്റെ പത്തു ശതമാനം ഉടമസ്ഥാവകാശം കയ്യിലുള്ള ജെമീ റൂബനാണ് റഷ്യൻ കോടീശ്വരനായ റോമൻ അബ്രമോവിച്ച് വിൽക്കാൻ തയ്യാറെടുക്കുന്ന ചെൽസിയെ വാങ്ങാൻ രംഗത്തുള്ളത്.
യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ ബ്രിട്ടീഷ് ഗവണ്മെന്റ് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ചെൽസി ഫുട്ബോൾ ക്ലബ്ബിനെ വിൽക്കാൻ റോമൻ അബ്രമോവിച്ച് നിർബന്ധിതമായത്. ആദ്യം ചാരിറ്റബിൾ ഫൗണ്ടേഷന്റെ ട്രസ്റ്റികളിലേക്ക് ഉടമസ്ഥാവകാശം അബ്രമോവിച്ച് മാറ്റിയെങ്കിലും ആ നീക്കം വിജയം കാണാത്തതിനെ തുടർന്നാണ് ക്ലബ്ബിനെ വിൽക്കുകയെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
The Newcastle United director has been linked with Chelsea amid Abramovich's exit | #NUFC https://t.co/EdoglQCpS1
— The Chronicle (@ChronicleNUFC) March 9, 2022
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബുകളിൽ ഒന്നിനെ വാങ്ങാനുള്ള അവസരം വളരെ അപൂർവമായി വന്നു ചേരുന്ന ഒന്നാണെന്നതിനാൽ തന്നെ ചെൽസിക്കു വേണ്ടി നിരവധി പേർ രംഗത്തുണ്ട്. ബ്ലൂംബർഗിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപതോളം ബിഡുകളാണ് ചെൽസിയെ സ്വന്തമാക്കാൻ വേണ്ടി വന്നിരിക്കുന്നത്.
നിലവിൽ വന്നിരിക്കുന്ന ഇരുപതു ബിഡുകളിൽ ഒരെണ്ണം ജെമീ റൂബന്റെതാണെന്ന് 90Min സ്ഥിരീകരിക്കുന്നു. അതേസമയം പ്രീമിയർ ലീഗ് നിയമപ്രകാരം ഒരു ക്ലബിൽ നിക്ഷേപമുള്ള വ്യക്തിക്ക് മറ്റൊരു ക്ലബിന്റെ പത്തു ശതമാനത്തിൽ കൂടുതൽ സ്വന്തമാക്കാൻ കഴിയില്ല എന്നിരിക്കെ ജെമീ റൂബന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് പ്രീമിയർ ലീഗ് കൃത്യമായി പരിശോധിക്കും എന്നുറപ്പാണ്.
ഡെയിലി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ സമ്പന്നനായ ടോഡ് ബോഹ്ലിയും ഡെയിലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം ബ്രിട്ടീഷ് പ്രോപ്പർട്ടി ടൈക്കൂണായ നിക്ക് കാൻഡി എന്നിവരും ചെൽസിക്കായി രംഗത്തുണ്ട്. ഇതിൽ 2.5 ബില്യൺ പൗണ്ട് ഓഫർ ചെയ്തിരിക്കുന്ന നിക്ക് കാൻഡി ചെൽസിയെ സ്വന്തമാക്കാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. മൂന്നു ബില്യനാണ് അബ്രമോവിച്ച് ചെൽസിക്ക് വില പറഞ്ഞിരിക്കുന്നത് എങ്കിലും പെട്ടന്ന് ക്ലബ്ബിനെ വിൽക്കാൻ വേണ്ടി ഈ തുകക്ക് അദ്ദേഹം സമ്മതം മൂളിയെക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.