Football in Malayalam

സീരി എയിലെ ഗോളടിവീരനു വേണ്ടി നൂറു മില്യൺ യൂറോ ഓഫർ നൽകാൻ ന്യൂകാസിൽ ഒരുങ്ങുന്നു

Sreejith N
ACF Fiorentina v US Salernitana - Serie A
ACF Fiorentina v US Salernitana - Serie A / Giuseppe Bellini/GettyImages
facebooktwitterreddit

ഫിയോറന്റീന താരമായ ദുസൻ വ്ലാഹോവിച്ചിനെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാനുള്ള പദ്ധതികളുമായി പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തിയായ ന്യൂകാസിൽ യുണൈറ്റഡ് മുന്നോട്ടു പോകുന്നതായി റിപ്പോർട്ടുകൾ. ഈ സീസണിൽ സീരി എയിലെ നിലവിലെ ടോപ് സ്കോററായ സെർബിയൻ താരത്തിനു വേണ്ടി നൂറു മില്യൺ യൂറോ വരെ നൽകാൻ ന്യൂകാസിൽ ഒരുക്കമാണെന്നാണ് ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാറ്റോയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നമായ ഫുട്ബോൾ ക്ലബായി മാറിയ ന്യൂകാസിൽ യുണൈറ്റഡ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ എങ്ങനെയാവും ഇടപെടുകയെന്നത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. ന്യൂകാസിലിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ ട്രാൻസ്‌ഫർ ജാലകത്തിൽ 250 മില്യൺ യൂറോ വരെ അവർ മുടക്കും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ സീസണിലും ഈ സീസണിലുമായി സീരി എയിൽ മിന്നുന്ന പ്രകടനം നടത്തി യൂറോപ്പിലെ നിരവധി ക്ലബുകളുടെ ശ്രദ്ധയാകർഷിച്ച ഇരുപത്തിയൊന്നുകാരനായ സെർബിയൻ താരത്തെ മുന്നിൽ നിർത്തിയാവും ന്യൂകാസിൽ യുണൈറ്റഡ് തങ്ങളുടെ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരത്തിൽ താൽപര്യമുള്ള ആഴ്‌സണൽ, ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളെ വലിയ തുക ഓഫർ ചെയ്യുന്നതിലൂടെ പിന്നിലാക്കാനും ന്യൂകാസിലിനു കഴിയും.

ലിവർപൂളിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റതോടെ പതിനേഴു മത്സരങ്ങളിൽ നിന്നും വെറും പത്തു ഗോളുകളോടെ പത്തൊൻപതാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡുള്ളത്. തരം താഴ്ത്തൽ മേഖലയിൽ നിന്നും പുറത്തു കടന്ന് അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ തുടരുകയെന്നത് പ്രധാന ലക്ഷ്യമായ അവർ അതിനാൽ തന്നെ ജനുവരിയിൽ ടീമിന് പരമാവധി കരുത്തു നൽകാനാണ് ശ്രമിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit