സൗദി നേതൃത്വം ഏറ്റെടുത്ത ന്യൂകാസിൽ ജേഴ്‌സി മാറ്റുന്നു, അടുത്ത സീസണിൽ വെള്ളയും പച്ചയും ജേഴ്‌സി ഉപയോഗിക്കും

Newcastle United Change Jersey To Green And White Colour
Newcastle United Change Jersey To Green And White Colour / Visionhaus/GettyImages
facebooktwitterreddit

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെ ന്യൂകാസിൽ യുണൈറ്റഡ് ജേഴ്‌സി മാറ്റാൻ തയ്യാറെടുക്കുന്നു. അടുത്ത സീസണിലെ എവേ മത്സരങ്ങൾക്ക് വെള്ളയും പച്ചയും നിറമുള്ള ജേഴ്‌സിയിട്ടാണ് ന്യൂകാസിൽ യുണൈറ്റഡ് കളിക്കുകയെന്ന് ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

ന്യൂകാസിൽ യുണൈറ്റഡ് ക്ലബിന്റെ എൺപതു ശതമാനം ഓഹരികളും സ്വന്തമായുള്ള സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സൗദി അറേബ്യ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ജേഴ്‌സിക്കു സമാനമായ ഡിസൈനാണ് ന്യൂകാസിൽ യുണൈറ്റഡിനും നൽകുന്നത്. ടീമിന്റെ കിറ്റുകൾ നൽകുന്ന കാസ്റ്റോർ ആണ് ഈ ജേഴ്‌സിയും ഡിസൈൻ ചെയ്യുന്നത്.

എവേ ജേഴ്‌സിയിലെ ടീമിന്റെ ക്രെസ്റ്റിന്റെ നിറത്തിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെള്ള നിറത്തിലുള്ള ജേഴ്‌സിയിൽ പച്ച നിറത്തിലായിരിക്കും ക്രെസ്റ്റ് അടയാളപ്പെടുത്തുക. ഇതും സൗദി അറേബ്യ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ജേഴ്‌സിക്കു സമാനമാണ്.

അതേസമയം ജേഴ്‌സിയുടെ നിറം മാറ്റുന്നതോടെ വളരെയധികം വിമർശനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതോടെ ന്യൂകാസിൽ യുണൈറ്റഡ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബായി മാറിയെങ്കിലും ഏറ്റെടുക്കലിനു മുൻപു തന്നെ ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു.

ജേഴ്‌സിയുടെ നിറം മാറ്റുന്നതിലൂടെ വരുമാനം വർധിപ്പിക്കാനാണ് ന്യൂകാസിൽ ഉടമകൾ ലക്ഷ്യമിടുന്നത്. ഗൾഫ് മേഖലയിൽ ഉടനീളം സ്വീകാര്യമായ നിറമായതിനാൽ തന്നെ ന്യൂകാസിൽ ജേഴ്‌സിയുടെ വിൽപ്പന മിഡിൽ ഈസ്റ്റിൽ വർധിക്കുമെന്ന് അവർ കണക്കു കൂട്ടുന്നു.

മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരെപ്പോലെ പ്രീമിയർ ലീഗിൽ വലിയ ശക്തികളായി മാറുകയെന്നതാണ് ന്യൂകാസിലിന്റെ മുന്നിലുള്ള ലക്ഷ്യമെങ്കിലും ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ മറികടക്കാൻ വരുമാനം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അതുകൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.